കാമുകി നല്‍കിയ ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോണ്‍ രാജിന്റേത് ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. അന്ധവിശ്വാസത്തെ തുടര്‍ന്ന് ആസിഡ് കലര്‍ത്തിയ വെള്ളം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം.
ചൊവ്വാഴ്ചയാണ് പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശിയും ബിഎസ്സി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഷാരോണ്‍ രാജ് (ജിയോ- 23) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മന്‍ചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോള്‍ നല്‍കിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി. ഷാരോണും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയില്‍ വെച്ച് താലികെട്ടിയിരുന്നു.പിന്നീട് സ്വന്തം വീടുകളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ആദ്യഭര്‍ത്താവ് മരിക്കുമെന്നും ജാതക ദോഷമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
അതേ സമയം കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാലിത് നവംബര്‍ മാസത്തിലേ നടക്കൂവെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞതെന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നു. ഇക്കഴിഞ്ഞ 14നാണ് ഷാരോണ്‍ രാജും സുഹൃത്ത് റെജിനും രാമവര്‍മ്മന്‍ ചിറയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത്. ചികിത്സയുടെ ഭാഗമായി കാമുകി കഷായം കുടിക്കുന്നതിനെ കളിയാക്കിയപ്പോള്‍ ഷാരോണിന് കഷായം കുടി്ക്കാന്‍ നല്‍കുകയായിരുന്നു. കൈയ്ക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ കൈപ്പ് മാറ്റാനാണ് ജ്യൂസ് നല്‍കിയത്. അവിടെ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്നെ ഷാരോണ്‍ ഛര്‍ദ്ദിക്കുന്നുണ്ടായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോയ ഷാരോണിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്താത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് 17 -ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി കണ്ടെത്തി. അടുത്ത ദിവസങ്ങളില്‍ പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി തുടങ്ങി. ഒന്‍പത് ദിവസത്തിനുള്ളില്‍ മൂന്ന് തവണ ഷാരോണിനെ ഡയാലിസിസിന് വിധേയമാക്കിയിരുന്നു.
25 -ാം തിയതി വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കരളിനും വൃക്കയ്ക്കുമുണ്ടായ തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികമായി ഒന്നും ഉള്ളില്‍ ചെന്നതായുള്ള സൂചനകളില്ല. കൂടുതല്‍ പരിശോധനയ്ക്ക് സാന്പിള്‍ ലാബിലേക്ക് അയച്ചു. ഇതിന്റെ ഫലം വന്നശേഷം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.