ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം’ ; മാറ്റങ്ങളുടെ സൂചന നല്‍കി പ്രധാനമന്ത്രി ചിന്തന്‍ ശിബറില്‍

രാജ്യത്ത് പൊലീസ് യൂണിഫോമുകള്‍ ഏകീകരിക്കണമെന്ന നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി .
ഹരിയാനയില്‍ നടക്കുന്ന ആഭ്യന്തര മന്ത്രിമാരുടെ ചിന്തന്‍ ശിബറില്‍ സംസാരിക്കവേ ആയിരുന്നു മോദി ‘ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം’ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. ദേശീയ സുരക്ഷയും അഖണ്ഡതയും പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷയ്ക്ക് യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു . കുറ്റകൃത്യങ്ങള്‍ തടയല്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. 5ജിയുടെ വരവോടെ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ജാഗ്രതവേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യു.എ.പി.എ നിയമം കേന്ദ്ര ഏജന്‍സികളെ ശക്തിപ്പെടുത്തി. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യസുരക്ഷയുടെ പേരില്‍ എന്‍.ഐ.എയ്ക്ക് കൂടുതല്‍ അധികാരം നല്‍കാനാണ് കേന്ദ്ര നീക്കം. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഐ.എ ഓഫീസുകള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങളില്‍ വിപുലമായ അന്വേഷണ സ്വാതന്ത്ര്യം നല്‍കി ക്രിമിനല്‍ നടപടി ചട്ടം ഭേദഗതി ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തെ പൊലീസ് സംവിധാനത്തെ നവീകരിക്കുന്നതിനൊപ്പം ആഭ്യന്തര സുരക്ഷയ്ക്കുള്ള പുതിയ നയരൂപീകരണമാണ് ചിന്തന്‍ ശിബറില്‍ന്റെ കാതല്‍.
പിണറായി വിജയന്‍ ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്നലെ സമ്മേളനത്തില്‍ പങ്കെടുത്തു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരായ എം.കെ സ്റ്റാലിന്‍, മമത ബാനര്‍ജി, നവീന്‍ പട്നായിക്, നിതീഷ് കുമാര്‍ എന്നിവര്‍ വിട്ടുനിന്നു. രണ്ടാം ദിവസമായ ഇന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല.