പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി .എ റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെ പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടില്‍ നിന്നാണ് എന്‍ ഐ എ സംഘം റൗഫിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയില എന്‍ഐഎ ഓഫിസിലെത്തിച്ചു. കഴിഞ്ഞ കുറച്ച് കാലമായി കേരള പോലീസും എന്‍ഐഎ സംഘവും റൗഫിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു . വീട്ടിലുള്‍പ്പടെ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവില്‍ കഴിയാന്‍ സഹായിച്ചതും റൗഫ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
റൗഫ് പോകാനിടയുള്ള സ്ഥലങ്ങള്‍, ബന്ധപ്പെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെയാണ് ഇയാള്‍ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് 12 മണിയോടെ എന്‍ഐഎ സംഘം വീട്ടിലെത്തുകയും പന്ത്രണ്ടരയോടെ വീട് വളഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.