നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി ; ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കും

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി.  ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും സമർപ്പിച്ച ഹർജി വിചാരണാ കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട്‌ അംഗീകരിച്ച കോടതി, ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് വിധിച്ചു.. കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ദിലീപും ശരത്തും ഈമാസം 31 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിചാരണ നവംബർ 10 ന് തുടങ്ങും. സെഷൻസ് ജഡ്ജ് ഹണി എം.വർഗീസാണ് ഹർജി വിധി പറഞ്ഞത്. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാ‌ഞ്ച് നടത്തിയ അന്വേഷണത്തിൽ പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം.