ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ നീക്കണമെന്നുള്ള ഗവര്‍ണറുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. മുഖ്യമന്ത്രി 356ാം വകുപ്പുണ്ടെന്ന കാര്യം മറക്കേണ്ടെന്നും ബാലഗോപാലിന്റെ രാജി ആവശ്യപ്പെടണമെന്നുമാണ് പി.കെ കൃഷ്ണദാസിന്റെ ഭീഷണി. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് ധനമന്ത്രി രാജി വയ്ക്കണമെന്നും ഗവര്‍ണര്‍ നിയമിച്ച മന്ത്രിയെ ഗവര്‍ണര്‍ക്ക് പിന്‍വലിക്കാമെന്നും കേരളം പ്രത്യേക റിപ്പബ്ലിക്കല്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നതിന്റെ പശ്ചാതലത്തിലാണ് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന്റെ ഈ പരാമര്‍ശം. അതേസമയം ധനമന്ത്രിയെ നീക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് കിട്ടിയതിന് പിന്നാലെ പ്രതികരിച്ചു. ധനമന്ത്രിയില്‍ പ്രീതി നഷ്ടപ്പെട്ടെന്നും മന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.