ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു

കേരളത്തിലെ 9 വി.സിമാര്‍ രാജിവെക്കണമെന്നുള്ള ഗവര്‍ണറുടെ ഉത്തരവിനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി. വിസിമാര്‍ രാജിവെക്കേണ്ടതില്ലെന്നും വിസിമാരെ നീക്കാനുള്ള ശ്രമം സ്വാഭാവിക നീതിയുടെ ലംഘനമെന്നും
മുഖ്യമന്ത്രി പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണറുടേത് അസ്വാഭാവികമായ തിടുക്കമാണ്. ഈ വിഷയത്തില്‍ ഗവര്‍ണര്‍ അത്യുത്സാഹം കാണിക്കുന്നു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുകയാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ സുപ്രിം കോടതി ഉത്തരവ് ആയുധമാക്കുകയാണ്.  സുപ്രിംകോടതി വിധി കെടിയു വിസിക്ക് മാത്രമേ ബാധകമാകുകയുള്ളു. സുപ്രിം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ അവസരവുമുണ്ട്. യു.ജി.സി മാര്‍ഗനിര്‍ദേശം പാലിച്ചല്ല വിസിമാരെ നിയമിച്ചതെങ്കില്‍
അതിനു ഉത്തരവാദി അവരെ നിയമിച്ച ഗവര്‍ണ്ണര്‍ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ നശീകരന ബുദ്ധിയോടെ യുദ്ധം നടത്തുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണ്. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍ മികവിന്റെ കേന്ദ്രങ്ങളാണ്. ഉന്നതവിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ വര്‍ഗീയവാദത്തിന് തീറെഴുതാനുള്ള നീക്കത്തെ എതിര്‍ക്കും. ഇത് തുടര്‍ന്നാല്‍ ഗവര്‍ണര്‍ ജനകീയ പ്രതിഷേധം നേരിടേണ്ടി വരും. സമൂഹത്തിന് മുന്നില്‍ സ്വയം പരിഹാസിതനാകരുത് എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.