നടപടിയിൽ നിന്നും പിന്നോട്ടില്ല ; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഗവർണർ

സംസ്ഥാനത്തെ ഒമ്പത് വിസിമാരോട് രാജിയാവശ്യപ്പെട്ട നടപടിയിൽ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നടപടിയിൽ നിന്നും പിന്നോട്ടില്ലെന്നും ,സുപ്രീംകോടതി വിധി വ്യക്തമാണെന്നും ആർക്കും പ്രത്യേകം ഇളവ് അനുവദിക്കില്ലെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജിവെക്കാത്ത സാഹചര്യത്തിൽ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും ഗവർണർ അറിയിച്ചു. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാല വിസിമാർക്കെതിരെയും നടപടി ഉണ്ടാവുമെന്നും വിസിമാരോട് രാജിയാവശ്യപ്പെട്ട വിഷയത്തിൽ താൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഒരു വിസിയെയും താൻ പുറത്താക്കുകയോ സ്വാഭാവിക നീതി നിഷേധിക്കുകയോ ചെയ്തിട്ടില്ല. നിയമവിരുദ്ധമായി നിയമം നടത്തിയവർക്ക് പുറത്തേക്കുള്ള വഴി മാന്യമായി കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നും ഗവർണർ പറഞ്ഞു. വിസിമാരോട് അനുകമ്പയുണ്ട്. പക്ഷേ കോടതി വിധി നടക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് രാജി ആവശ്യപ്പെട്ടത്. ഇപ്പോഴുള്ള വിസിമാർക്കും വിസി സ്ഥാനത്തേക്ക് ഇനിയും അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കിൽ അവരെയും പരിഗണിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ നവംബർ 3 വൈകിട്ട് 5 വരെ സമയം നൽകിയതായും അറിയിച്ചു. കണ്ണൂർ വിസിയുടെ പുനർ നിയമന കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും ഗവർണർ വിശദീകരിച്ചു. സർക്കാർ സമർദം ചെലുത്തിയതോടെയാണ് വീണ്ടും നിയമനം നൽകേണ്ടി വന്നത്. പുനർ നിയമനത്തിൽ വിദഗ്ധരോട് താൻ അലോചിക്കണമയിരുന്നുവെന്നും ഗവർണർ പറഞ്ഞു.