കേരളത്തെ ഞെട്ടിച്ച് നരബലി, തിരുവല്ലയിൽ രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി

കേരളത്തിൽ നരബലി. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടി പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുള്ള റോസ്‌ലി , പത്മ എന്നീ രണ്ട് സ്ത്രീകളെയാണ് കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് അറസ്റ്റിലായിരിക്കുന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് ബലി നൽകിയെന്നാണ് വിവരം. കടവന്ത്രയിലെ സ്ത്രീയെ കാണാതായ സംഭവത്തിലെ അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയതോടെയാണ് കാലടിയിൽ നിന്നുള്ള മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയത്. തല അറുത്താണ് കൊലപാതകം നടന്നത്. മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടിരിക്കുകയാണ്. മൃതദേഹം കണ്ടെടുക്കാൻ ആർ ഡി ഒ അടക്കമുള്ള സംഘം തിരുവല്ലയിൽ എത്തിയിട്ടുണ്ട്. കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ വെച്ച് പൂജ നടത്തി ബലി നൽകിയെന്നാണ് വിവരം. പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫെയ്സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. കാലടിയിൽ നിന്ന് യുവതിയെ തിരുവല്ലയിലേക്ക് കൊണ്ടുപോകുന്നത് ഇതിന് ശേഷമാണ്.