ജോമോന്‍റെ ഡ്രൈവിങ്ങിനിടയുള്ള നൃത്തം; ദൃശ്യങ്ങൾ 2010 ലേത്, . ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ലെന്ന് ജോമോൻ

പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്‍റെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിൽ പൊലീസിന് വിശദീകരണം നല്‍കി ജോമോന്‍. ഡ്രൈവറുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ജോമോന്‍ ബസ് ഓടിക്കുന്നതാണ് ദൃശ്യങ്ങളില്‍. ദൃശ്യങ്ങൾ 2010 ലേതെന്ന് ജോമോൻ പോലീസിനോട് പറഞ്ഞു. പൂനെയിൽ യാത്ര പോയപ്പോൾ എടുത്ത ദൃശ്യങ്ങളാണിത്. ബസിൽ യാത്രക്കാരുണ്ടായിരുന്നോയെന്ന് ഓർക്കുന്നില്ലെന്നും മൊഴിയിൽ പറയുന്നു. ജോമോൻ്റ മുൻകാല ഡ്രൈവിംഗ് പശ്ചാത്തലം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ വീഡിയോ പരിശോധനയക്കായി ശേഖരിച്ചിട്ടുണ്ട്. വടക്കഞ്ചേരി അപകടത്തില്‍ ജോമോനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയതിനാൽ ജോമോനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടം ഉണ്ടായ സമയത്ത് ജോമോന്‍ മദ്യപിച്ചിരുന്നോയെന്നറിയാൻ രക്തസാമ്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. പാലക്കാട് – തൃശൂർ ദേശീയപാതയിലെ കൂടുതൽ ക്യാമറാ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.