വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ ബസിന് 10000 രൂപ പിഴ

തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. 10000 രൂപയാണ് പിഴ ചുമത്തിയത്. സിഗ്മ എന്ന സ്വകാര്യ ബസ് ജീവനക്കാരാണ് കഴിഞ്ഞ ദിവസം രാവിലെ വിദ്യാർത്ഥികളെ മഴയത്ത് നിർത്തിയത്. മറ്റ് യാത്രക്കാരെല്ലാം കയറി ബസ് പുറപ്പെടും മുൻപ് മാത്രമേ വിദ്യാർത്ഥികളെ ബസിനുള്ളിൽ കയറാൻ അനുവദിക്കൂ എന്നതാണ് മിക്ക സ്ഥലങ്ങളിലും ഉള്ളത് . കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സിഗ്മ ബസ് രാവിലെ ഒമ്പത് മണിയോടെ ബസ്റ്റാന്റിലെത്തിയപ്പോഴാണ് സംഭവം. മഴയത്ത് ബസിന് മുന്നിൽ കാത്തിരിക്കുന്ന വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് തലശേരിയിൽ നിന്നുള്ള സംഭവം എല്ലാവരും അറിഞ്ഞത്. നല്ല മഴയുണ്ടായിരുന്നിട്ടും എല്ലാ ആളുകളും കയറിയതിന് ശേഷം ബസ് പുറപ്പെട്ടപ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ ബസിൽ കയറാൻ അനുവദിച്ചത്. അതുവരെ അവർ മഴ നനഞ്ഞ് ബസിന്റെ ഡോറിന് സമീപം കയറാൻ കാത്ത് നിൽക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തു. ബസ് തലശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇപ്പോൾ. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.