യൂറോപ്പ് സന്ദർശനം; മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു. കൊച്ചിയിൽ നിന്നാണ് യാത്ര തിരിച്ചത്. പുലർച്ചെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. രണ്ട് ദിവസം മുൻപ് നിശ്ചയിച്ച യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. നോർവ കൂടാതെ യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളും മുഖ്യമന്ത്രിയും സംഘവും സന്ദർശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഈ മാസം 12വരെയാണ് സന്ദർശനം.