മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പ് സന്ദർശനത്തിനായി ഇന്ന് പുറപ്പെടും. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ചീഫ് സെക്രട്ടറിയും ഒപ്പം ഉണ്ട്. ഫിൻലൻഡ് വിദ്യഭ്യാസ മാതൃക പഠിക്കുകയാണ് യാത്രയുടെ ലക്ഷ്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടങ്ങിയ സംഘവും ഇന്ന് രാത്രിയാണ് പുറപ്പെടുക. ഈ മാസം 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം. ഡൽഹിയിൽ നിന്നും ഫിൻലാണ്ടിലേക്കാണ് ആദ്യ യാത്ര. തുടർന്ന് നോർവേ സന്ദർശനത്തിൽ മന്ത്രിമാരായ പി രാജീവും വി അബ്ദു റെഹ്മനും ഒപ്പമുണ്ടാകും. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജാകും മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകുക. സന്ദർശനത്തിൽ വീഡിയോ കവറേജ് ഉണ്ടാകും. ഇന്ത്യൻ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ ക്യാമറ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ സന്ദർശനം നേരത്തെ വലിയ വിവാദമായിരുന്നു. പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയ സ്ഥിതിയുണ്ടായി. മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി, ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് സാഹചര്യവും സാധ്യതയും ഒരുക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് വിശദീകരിച്ചത്. ലോക കേരള സഭയുടെ യൂറോപ്യൻ മേഖലാ കോൺഫറൻസ് ഇത്തവണ ലണ്ടനിലാണ് നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് യുകെയാണ് സന്ദര്‍ശിക്കുക. ടൂറിസം മന്ത്രി പരീസും സന്ദര്‍ശിക്കും.