പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടുന്ന നടപടി ഇന്നും തുടരും

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന നടപടി ഇന്നും തുടരും. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചതിന് പിന്നാലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി ഇന്നലെയാണ് കേരളത്തില്‍ ആരംഭിച്ചത്. ഇന്നലെ രാത്രി ആലുവയിലെ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാര്‍വാലി ട്രസ്റ്റ്പിഎഫ്ഐ ഓഫീസ് പൂട്ടി പൊലീസ് സീൽ ചെയ്തിരുന്നു. എന്‍ ഐ എയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നത്. ബുധനാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കുന്നത്. നിരോധനം വന്നതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളില്‍ പിഎഫ്ഐ ഓഫീസുകള്‍ അടച്ച് പൂട്ടുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ തിടുക്കം വേണ്ടെന്നും നടപടികള്‍ നിയമപ്രകാരമായിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പിഎഫ്ഐ ഓഫീസുകള്‍ പൊലീസ് അടച്ച് പൂട്ടാന്‍ ആരംഭിച്ചത്.