ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു

ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. സംയുക്ത സൈനിക മേധാവി ചുമതലയിലെത്തുന്ന രണ്ടാമത്തെയാളാണ് അനിൽ ചൗഹാൻ. പ്രഥമ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അപകടത്തിൽ മരിച്ചതിന് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് നിയമനം നടക്കുന്നത്. ദേശീയ യുദ്ധ സ്മാരകത്തിൽ അനിൽ ചൗഹാൻ പുഷ്പചക്രം അർപ്പിച്ചു. അനിൽ ചൗഹാൻ സ്ഥാനമേൽക്കുന്നതിനു സാക്ഷിയായി അദ്ദേഹത്തിൻ്റെ 92 വയസുള്ള പിതാവും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മൂന്ന് സേനാവിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന തിയേറ്റർ കമാൻഡിൻ്റെ രൂപീകരണവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന നടപടികൾ പൂർത്തിയാക്കുക എന്നുള്ളതാണ്. മൂന്ന് സേനാമേധാവികളുമായി അനിൽ ചൗഹാൻ ഇന്ന് കൂടിക്കാഴ്ച നടത്തും. 40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമാണ് വിരമിച്ചത്.