ഹർത്താൽ ദിനത്തിലെ അക്രമണം; കണ്ണൂരിൽ മൂന്നുപേർ പിടിയിൽ

എൻ ഐ എ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ നടന്ന വ്യാപക ആക്രമണത്തിൽ കണ്ണൂരിൽ കൂടുതൽ അറസ്റ്റ്. കണ്ണൂരിലെ മട്ടന്നൂരിൽ നിന്ന് മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ ബോംബ് എറിഞ്ഞ കേസിലാണ് അറസ്റ്റ്. ഉളിയിൽ സ്വദേശി സഫ്വാൻ, നടുവനാട് സ്വദേശികളായ സത്താർ, സജീർ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ പോപ്പുലർ ഫ്രണ്ട് കണ്ണൂർ ജില്ലാ നേതാക്കളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പെട്ടന്ന് പ്രഖ്യാപിച്ച ഹർത്താലായതിനാൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്നതും ആളുകൾക്കിടയിൽ ഭീതി പരത്താൻ സാധിക്കുന്നതുമായ പെട്രോൾ ബോംബ് കൂടുതലായി ഉപയോഗിക്കണമെന്ന് നേതാക്കൾ അണികൾക്ക് നിർദ്ദേശം നൽകിയതായാണ് പൊലീസ് പറയുന്നത്.