പോപ്പുലർ ഫ്രണ്ടിൻറെ നിരോധനം; ഓഫീസുകൾ സീൽ ചെയ്യും, റെയ്ഡുകൾ തുടരും

പോപ്പുലർ ഫ്രണ്ടിൻറെ പ്രധാന കേന്ദ്രമാണ് കേരളം. പ്രധാന നേതാക്കളും പ്രാദേശിക യൂണിറ്റുകളും കൂടുതലുള്ളത് കേരളത്തിലാണ്. പോപ്പുലർ ഫ്രണ്ട് പ്രതികളായ കൊലപാതകം കൂടുതൽ നടക്കുന്നതും കേരളത്തിലാണ്. പിഎഫ്ഐ യുടെ ആദ്യ സംഘടന എൻ ഡി എഫ് തുടങ്ങിയതും കേരളത്തിലാണ്. കേരളത്തിൽ നിരോധനം നടപ്പാക്കാൻ പൊലീസ് പ്ലാൻ തയ്യാറാക്കി കഴിഞ്ഞു. കേന്ദ്ര ഉത്തരവ് ലഭിച്ചാൽ നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന പോലീസ് അറിയിച്ചു. പി.എഫ് ഐ യുടെ പ്രധാന ഓഫീസുകൾ സീൽ ചെയ്യും. പ്രശ്നസാധ്യതയുള്ളവരെ കരുതൽ കസ്റ്റഡിയിൽ എടുക്കും. റെയ്ഡുകൾ തുടരും. സംസ്ഥാനത്ത് പൊലീസിൻ്റെ പ്രത്യേക ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാമ്പുകളിലെ പൊലീസുകാരെ സജ്ജമാക്കി നിർത്താനും നിർദേശം നൽകിയിട്ടുണ്ട്. ഭീകരവാദ സംഘടനകളുമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. ഭീകരവാദ സംഘടനകളുമായുള്ള ബന്ധത്തിന്റെ പേരിൽ നിയമവിരുദ്ധ സംഘടനയാകുമ്പോൾ ഭീകരവാദ സംഘടനയായി തന്നെ പരിഗണിക്കപ്പെടും. സിമിയുടെ വകഭേദം എന്നത് സിമിക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളുംപോപ്പുലർ ഫ്രണ്ടിനും ബാധകമാക്കുമെന്നും കേന്ദ്രം അറിയിച്ചു. സിമി നിരോധിച്ച സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കാൻ തീരുമാനിച്ചതെന്നും എൻ ഐ എ യോട് നേതാക്കൾ വെളിപ്പെടുത്തി.