കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ; മത്സരിക്കുമെന്ന് ശശി തരൂർ, രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന് കെ മുരളീധരൻ

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ട്വീറ്റിലൂടെ സൂചന നൽകി ശശി തരൂർ എംപി. പാർട്ടിയിൽ ക്രിയാത്മകമായ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് ഒരു കൂട്ടം പ്രവർത്തകർ സ്ഥാനാർഥികൾക്ക് നൽകുന്ന നിവേദനം പങ്കുവച്ചാണ് ട്വീറ്റ്. കോൺഗ്രസിലെ ഒരു വിഭാഗം അംഗങ്ങൾ പ്രചരിപ്പിക്കുന്ന നിവേദനത്തെ സ്വാഗതം ചെയ്യുന്നുവെന്നും നിവേദനം അംഗീകരിക്കുന്നതിലും മുന്നോട്ട് പോകുന്നതിലും സന്തോഷമുണ്ടെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. അതേസമയം, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്നും കേരള ഘടകത്തിന്റെ പിന്തുണ നെഹ്‌റു കുടുംബത്തിനാണെന്നും കെ മുരളീധരൻ എം.പി പറഞ്ഞു. ആര് മത്സരിച്ചാലും നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരാണ് അധ്യക്ഷനാവുകയെന്നും അന്തിമ പട്ടിക 30ന് വരുമെന്നും നിലപാട് അന്ന് കൂടുതൽ വ്യക്തമാക്കുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്‌റു കുടുംബാംഗം എത്തിയതിനാലാണ് ഭാരത് ജോഡോ യാത്രയിൽ ഇത്രയധികം ആളുകളെത്തുന്നതെന്നും അല്ലെങ്കിൽ ആരെത്തുമെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ അധ്യക്ഷസ്ഥാനത്തേക്ക് കേരള ഘടകം സ്ഥാനാർത്ഥികളെ മുന്നോട്ടുവെച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും കേരളത്തിൽ നിന്നുള്ള നേതാവ് മത്സരിച്ചാൽ സാഹചര്യം വിലയിരുത്തി പിന്തുണ നൽകുന്ന കാര്യം പരിഗണിക്കുമെന്നും ചെന്നിത്തലയും പറഞ്ഞു. രാഹുൽ ഗാന്ധി തന്നെ അധ്യക്ഷനാകണമെന്ന പ്രമേയം വിവിധ സംസ്ഥാന പിസിസികൾ പാസാക്കുന്നുണ്ടെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി.