കാളിദാസ് ജയറാമും അമലാ പോളും ഒന്നിക്കുന്നു

യുവ താരങ്ങളില്‍ ശ്രദ്ധേയനായ കാളിദാസ് ജയറാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘നക്ഷത്തിരം നകര്‍കിരത്’. ചിത്രത്തില്‍ നായികയായി അഭിനയിച്ച് ശ്രദ്ധേയയായ ദുഷറ വിജയനുമായി കാളിദാസ് ജയറാം വീണ്ടും ഒന്നിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഇവര്‍ക്കൊപ്പം തെന്നിന്ത്യയുടെ പ്രിയ നായിക അമലാ പോളും ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്യുമെന്നതാണ് പുതിയ വര്‍ത്ത.

പാ രഞ്‍ജിത്ത് ആണ് കാളിദാസ് ജയറാമിനെ നായകനാക്കി ‘നക്ഷത്തിരം നകര്‍കിരത്’ സംവിധാനം ചെയ്‍തത്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, ‘സര്‍പട്ട പരമ്പരൈ’ ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തി.  എ കിഷോര്‍ കുമാര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. തെന്‍മ സം​ഗീത സംവിധാനം നിര്‍വ്വഹിച്ചു. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്‍ജിത്ത്, വിഘ്‍നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം.  തിയറ്ററുകളില്‍ വൻ ഹിറ്റായില്ലെങ്കിലും ചിത്രത്തിന് നിരൂപക പ്രശംസ ലഭിച്ചിരുന്നു.

അമലാ പോളാകട്ടെ നീണ്ട ഒരിടവേളയ്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ്. ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാകുന്ന ‘ക്രിസ്റ്റഫറി’ലെ നായികമാരില്‍ ഒരാളാകുകയാണ് അമലാ പോള്‍. എന്തായിരിക്കും അമലാ പോളിന്റെ കഥാപാത്രം എന്ന് പുറത്തുവിട്ടിട്ടില്ല. ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കും.

അമലാ പോള്‍ നായികയാകുന്ന മറ്റൊരു ചിത്രം ‘ടീച്ചര്‍’ ആണ്. ഫഹദ് നായകനായ ‘അതിരന്’ ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘ടീച്ചര്‍’. അനു  മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.  ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിക്കുന്നത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. വിനോദ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ചിത്രത്തിന്റെ പ്രമേയമടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമലാ പോള്‍ ചിത്രം ‘ടീച്ചറു’ടെ കഥ സംവിധായകൻ വിവേകിന്റേതാണ്. ഫഹദിന്റെ വേറിട്ട കഥാപാത്രത്താല്‍ ശ്രദ്ധേയമായ ‘അതിരനി’ലൂടെ വരവറിയിച്ച സംവിധായകനാണ് വിവേക്. പി എഫ് മാത്യൂസിന്റെ തിരക്കഥയിലായിരുന്നു വിവേകിന്റെ ആദ്യ ചലച്ചിത്രസംരഭം. വീണ്ടും ഒരു ചിത്രവുമായി എത്തുമ്പോള്‍ യുവകഥാകൃത്ത് പി വി ഷാജികുമാറാണ് വിവേകിനൊപ്പം തിരക്കഥയില്‍ കൂട്ട്.