വിഖ്യാത സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദിന്റെ മരണം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള ദയാവധം.

വിഖ്യാത സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദിന്റെ മരണം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമുള്ള ദയാവധം. ഗൊദാര്‍ദിന്റെ ബന്ധുക്കളും അഭിഭാഷകൻ പാട്രിക് ജെന്നര്‍ട്ടനുമാണ് ഇക്കാര്യം പുറത്തു വിട്ടത്.
ജീവിതം അവസാനിപ്പിക്കാൻ ഗൊദാര്‍ദ് സ്വയം തീരുമാനിക്കുകയായിരുന്നു എന്ന് അഭിഭാഷകൻ വിശദീകരിച്ചു.

ഒരാളെ ആത്മഹത്യക്ക് സഹായിക്കുന്ന അസിസ്റ്റഡ് ഡൈയിങ് സ്വിറ്റ്സർലന്റിൽ നിയമപരമാണ്. സ്വയം തീരുമാനം എടുക്കാൻ ബോധമുള്ള ആൾക്ക് അയാളുടെ അവശതകളിൽ നിന്ന് രക്ഷപെടാൻ സഹായിക്കുന്നതിനാണ് ഈ നിയമം. ഇതിന് സ്വമേധയായുള്ള അഭ്യർത്ഥന ആവശ്യമാണ്. ഇപ്രകാരം ഗൊദാർദ് സ്വന്തം ഇഷ്ട പ്രകാരം മരിക്കുകയായിരുന്നുവത്രെ
നിരവധി അസുഖങ്ങളാൽ അവശനായിരുന്ന 91 കാരനായിരുന്ന ഗൊദാര്‍ദിന്‍റെ അന്ത്യം ഇന്നലെ പുലര്‍ച്ചെ സ്വവസതിയിലാണ് സംഭവിച്ചത്

അസുഖങ്ങൾ വന്ന് ഒരു ഭാരമായി ജീവിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ഗൊദാര്‍ദ് 2014 കാന്‍ ചലച്ചിത്രോത്സവത്തിൽ പറഞ്ഞിരുന്നു. ദയാവധത്തിന്റെ സഹായം സ്വീകരിക്കുമോ എന്ന് അന്നുയർന്ന ചോദ്യത്തിന് സ്വീകരിക്കും എന്നായിരുന്നു ഗൊദാര്‍ദിന്റെ മറുപടി. എന്നാല്‍ ആ തീരുമാനം എടുക്കുക ഏറെ പ്രയാസകരമാണെന്നുംഗൊദാര്‍ദ് വ്യക്തമാക്കിയിരുന്നു.
ഇതോടെ സിനിമയില്‍ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച, അതു വരെയുള്ള സിനിമാ സങ്കല്‍പത്തെ മാറ്റി മറിച്ച ഈ ലോകോത്തര ചലച്ചിത്രകാരന്‍ മരണത്തിലും വ്യത്യസ്തനാവുകയാണ്