കണ്ണൂർ കൂത്തുപറമ്പിൽ കേരള ബാങ്കിന്റെ ജപ്‌തി നടപടി

കണ്ണൂർ കൂത്തുപറമ്പിൽ സുഹ്റയുടെ വീടും സ്ഥലവും കേരള ബാങ്ക് ജപ്തി ചെയ്തു. പുറക്കളം സ്വദേശി സുഹ്റയുടെ വീടും സ്ഥലവുമാണ് ബാങ്ക് ജപ്തി ചെയ്തത്. സുഹ്റയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിയുമായ മകളും ഉൾപ്പെടെയുള്ള കുടുംബമാണ് ഇതോടെ പെരുവഴിയിലായത്. വീട് വിറ്റ് പണം തിരിച്ചടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് സുഹ്‌റ പറഞ്ഞു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ജപ്തി നടപടി. പ്ലസ് വൺ വിദ്യാർഥിനിയായ മകൾ സ്‌കൂളിൽ നിന്ന് തിരികെയെത്തി വസ്ത്രം മാറാനുള്ള സൗകര്യം പോലും നൽകിയില്ലെന്ന് സുഹ്‌റ പറയുന്നു. 2012ലാണ് വീട് നിർമാണത്തിനായി കേരള സഹകരണ ബാങ്കിന്റെ മമ്പറം ശാഖയിൽ നിന്ന് 10 ലക്ഷം രൂപ ഇവർ ലോണെടുത്തത്. ഇതിൽ നാലര ലക്ഷത്തോളം രൂപ തിരിച്ചടച്ചു. എന്നാൽ ഇനിയും പത്തൊമ്പത് ലക്ഷത്തോളം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് പറയുന്നത്. ഇതിൽ സാവകാശം ആവശ്യപ്പെട്ട് കുടുബം മന്ത്രിമാർക്കുൾപ്പടെ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിന് ശേഷം തികച്ചും അപ്രതീക്ഷിതമായാണ് വീട്ടിലേക്ക് ബാങ്ക് അധികൃതരെത്തി ജപ്തി നടപടികൾ പൂർത്തിയാക്കി വീട് സീൽ ചെയ്യുന്നത്. വീട് കേരള സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അതിക്രമിച്ച് കയറരുതെന്നും ബോർഡും വെച്ചിട്ടുണ്ട്. വീടിനടുത്തുള്ള ഡ്രൈവിങ് സ്‌കൂളിലെ താല്ക്കാലിക ജീവനക്കാരിയാണ് സുഹ്‌റ. സുഹ്‌റ ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ബാങ്ക് ജീവനക്കാരെത്തി വീട് ജപ്തി ചെയ്തിരുന്നു. പിന്നാലെയാണ് മകൾ സ്‌കൂളിൽ നിന്നുമെത്തുന്നത്. രാത്രി വൈകിയും മൂവരും വീടിന് പുറത്തിരിക്കുകയാണ്. സംഭവം നടന്നത് വൈകിയായത് കൊണ്ട് തന്നെ അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ബാങ്കിന്റെ ഭാഗത്ത് നിന്ന് ജപ്തിയിൽ ഔദ്യോഗിക വിശദീകരണവും ലഭ്യമല്ല.