കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം തുടങ്ങി. 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ 75% ശമ്പളവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. അമ്പത്തി അഞ്ച് കോടി എന്‍പത്തിയേഴ് ലക്ഷത്തി ഇരുപതിനായിരത്തി എഴുന്നൂറ്റി പതിമൂന്ന് രൂപയാണ് ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ ഏഴ് കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കിയത്. 838 CLR ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുമായി ഇന്ന് ജീവനക്കാരുടെ ചര്‍ച്ച നടക്കാനിരിക്കേ ഇതിന് മുന്നോടിയായിട്ടാണ് ശമ്പളം വിതരണം ചെയ്തത്. ഇന്ന് രാവിലെ 10.30ക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയെന്ന് ബിഎംഎസ് അറിയിച്ചു. മുഖ്യമന്ത്രി നേരിട്ടാണ് യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ മൂന്ന് തവണ മന്ത്രിതല ചര്‍ച്ച നടത്തിയെങ്കിലും അതിലൊന്നും തീരുമാനമായിരുന്നില്ല. അതോടുകൂടിയാണ് ശമ്പള വിതരണം മുടങ്ങിയതും.