മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ മഗ്സാസെ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്ന് പാര്‍ട്ടി തടഞ്ഞു. കോവിഡ്, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായി നേതൃത്വം നല്‍കിയതിനാണ് മഗ്സാസെ ഫൗണ്ടേഷന്‍ ഈ വര്‍ഷത്തെ അവാര്‍ഡിന് ശൈലജ ടീച്ചറെ തിരഞ്ഞെടുത്തത്. രാജ്യത്തെ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച ചെയ്ത് ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ഫൗണ്ടേഷന്‍, അവരുമായി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവും നടത്തിയിരുന്നു. എന്നാല്‍ ആഗസ്റ്റ് അവസാനം അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ട് അവാര്‍ഡ് വാങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ഇന്റര്‍വ്യൂവിനു പിന്നാലെയാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ശൈലജ ടീച്ചര്‍ അവാര്‍ഡ് വാങ്ങുന്നതിനെക്കുറിച്ച് പാര്‍ട്ടിയുടെ അഭിപ്രായം തേടിയത്. എന്നാല്‍ കോവിഡ്, നിപ പ്രതിരോധം ഏതെങ്കിലും ഒരു വ്യക്തിയുടെ മികവല്ലെന്നും അത് സര്‍ക്കാറിന്റെ കൂട്ടായ പ്രവര്‍ത്തനമാണെന്നുമായിരുന്നു പാര്‍ട്ടിയുടെ അഭിപ്രായം. കൂടാതെ മഗ്സാസെ ഫൗണ്ടേഷന് വിദേശ ഫണ്ടിങ്ങുണ്ട് എന്നതും കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കാന്‍ നേതൃത്വം കൊടുത്ത മഗ്സാസെയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുന്നത് രാഷ്ട്രീയമായി പ്രത്യാഘാതമുണ്ടാക്കുമെന്നും പാര്‍ട്ടി വിലയിരുത്തി. തുടര്‍ന്നാണ് അവാര്‍ഡ് സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റായ രമണ്‍ മഗ്സാസെയുടെ പേരിലുള്ള അവാര്‍ഡ് ഏഷ്യയിലെ നൊബേല്‍ പുരസ്‌കാരം എന്നാണ് അറിയപ്പെടുന്നത്. വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. വര്‍ഗീസ് കുര്യന്‍, എം.എസ് സ്വാമിനാഥന്‍, ബി.ജി വര്‍ഗീസ്, ടി.എന്‍ ശേഷന്‍ എന്നിവരാണ് ഇതിന് മുമ്പ് മഗ്സാസെ അവാര്‍ഡിന് അര്‍ഹരായ മലയാളികള്‍.