പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്

ജമ്മുവില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നാണ് ഗുലാംനബി അറിയിച്ചത്. എല്ലാവര്‍ക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജമ്മു കശ്മീര്‍ ആസ്ഥാനമായായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം. കശ്മീരിന്റെ സമ്പൂര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായിരിക്കും പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്നാണ് ഗുലാംനബി റാലിയില്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികള്‍ക്കുള്ള തൊഴിലവസരം തുടങ്ങിയ വിഷയങ്ങളും ഉന്നയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് വിട്ട് ഒരാഴ്ചയ്ക്കുശേഷമാണ് ഗുലാംനബി പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്.