തിരുവനന്തപുരത്ത് 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍

തിരുവനന്തപുരത്ത് 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറല്‍ എസ്പി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്. വാറണ്ട് പ്രതികളുള്‍പ്പടെ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പോലീസ് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളികളെയും പരിശോധനയില്‍ പിടികൂടി. ഗുണ്ടകളെക്കുറിച്ച് വ്യാപക പരാതികളുയര്‍ന്ന സാഹചര്യത്തിലാണ് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന ഇന്ന് പുലര്‍ച്ചെ നടത്തിയത്. ഓണമുള്‍പ്പടെയുള്ള ഉത്സവങ്ങളുടെ പശ്ചാത്തലത്തില്‍ കരുതല്‍ തടങ്കല്‍ കൂടി ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തുന്നത്. ലഹരി മാഫിയയുമായി ബന്ധപ്പെട്ട പരിശോധനകളും പോലീസ് കാര്യമായി നടത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. ഗുണ്ടാസംഘങ്ങള്‍ പ്രധാന വരുമാനമാര്‍ഗമായി കാണുന്നത് ലഹരിക്കടത്ത് ആണെന്നാണ് വിവരം.