ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ രാവിലെ 10.45ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി കപ്പല്‍ കമ്മീഷന്‍ ചെയ്തത്. പ്രധാനമന്ത്രിക്കൊപ്പം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, വിവിധ സേനാമേധാവികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കപ്പല്‍ നിര്‍മിക്കുന്ന ആറാമത്തെ രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ പ്രസക്തിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഇന്ന് കൈവരിച്ചിരിക്കുന്നത്. തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കുക എന്നത് വികസിത രാജ്യങ്ങള്‍ക്ക് പോലും വന്‍ വെല്ലുവിളിയായിരിക്കേയാണ് ഇന്ത്യയുടെ നേട്ടം. പതിമൂന്ന് വര്‍ഷം കൊണ്ട് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലാണ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയായത് എന്നതില്‍ മലയാളികള്‍ക്കും അഭിമാനിക്കാം.2300 കോടിയോളം രൂപ ചിലവഴിച്ചാണ് കപ്പലിന്റെ നിര്‍മാണം. ഏത് നിര്‍ണായക ഘട്ടത്തിലും കടലിന് നടുവില്‍ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ചെറുനഗരമായിരിക്കും ഐഎന്‍എസ് വിക്രാന്ത്. രാജ്യത്ത് നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ കപ്പല്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിര്‍മിച്ച ആദ്യ പടക്കപ്പല്‍,3ഡി മോഡലിങ് സംവിധാനം ഉപയോഗപ്പെടുത്തി രൂപകല്‍പന ചെയ്ത രാജ്യത്തെ ആദ്യ വിമാനവാഹിനി കപ്പല്‍ തുടങ്ങി ഒട്ടേറെ സവിഷേതകള്‍ ഐഎന്‍എസ് വിക്രാന്തിനുണ്ട്. രാജ്യത്തിന്റെ പ്രതിഭയുടെ പ്രതീകമാണ് ഐഎന്‍എസ് വിക്രാന്ത് എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ഒരു ലക്ഷ്യവും നമുക്ക് അപ്രാപ്യമല്ലെന്ന് വിക്രാന്ത് സൂചിപ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. നാവികസേനയ്ക്കും ഷിപ്പിയാര്‍ഡിനും നന്ദി അര്‍പ്പിച്ച പ്രധാനമന്ത്രി രാജ്യത്തിന്റെ സ്വപ്നം നാവികസേന സഫലമാക്കിയെന്നും പറഞ്ഞു.