ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഭരണഘടനാപരമായും നിയമപരമായും നേരിടും : എം.വി ഗോവിന്ദന്‍

ഇന്ന് നിയമസഭ പാസാക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഭരണഘടനാപരമായും നിയമപരമായും നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബില്ലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. ബില്ലില്‍ ഒപ്പിടുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനാപരമായും നിയമപരവുമായാണ്. സര്‍വകലാശാല ഭരണങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനാവശ്യമായി ഇടപെടുകയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇതുവരെ ഗവര്‍ണറെ വാക്കാല്‍ വിമര്‍ശിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെങ്കിലും ഇനി നിയമമായി നേരിടാനുള്ള നീക്കത്തിലേക്കാണ് സി.പി.എം പോവുന്നത്. രണ്ട് പ്രധാനപ്പെട്ട ബില്ലുകള്‍ ഉള്‍പ്പെടെ 12 ബില്ലുകളാണ് ഇന്ന് നിയമസഭ പാസാക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തിലാണ് ഗവര്‍ണര്‍ ഒപ്പിടുമോ എന്ന് സര്‍ക്കാരിന് ആശങ്കയുള്ളത്. ലോകായുക്താ ഭേദഗതി ബില്ലും ചാന്‍സലര്‍ എന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറയ്ക്കുന്ന ബില്ലുമാണിത്. വി.സി നിയമനത്തില്‍ ചാന്‍സലറുടെ അധികാരം കുറച്ച് സര്‍ക്കാരിന് മേല്‍ക്കൈ ലഭിക്കുന്ന തരത്തിലാണ് ബില്‍ തയ്യാറാക്കിയിരിക്കുന്നത്. വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ചേര്‍ത്തു ഗവര്‍ണറുടെ നിയമന അധികാരം ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതുതായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ കണ്‍വീനര്‍ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ കണ്‍വീനര്‍ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം. കേരള സര്‍വകലാശാല വി.സി നിയമനത്തിന് ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയെ മറികടക്കാന്‍ പുതിയ ഭേദഗതിക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുന്നുണ്ട്. ആഗസ്റ്റ് ഏഴിനായിരുന്നു ഗവര്‍ണര്‍ കമ്മിറ്റി ഉണ്ടാക്കിയത്. ബില്ലുകള്‍ പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും.