തലശ്ശേരി ഒരുങ്ങി.. സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് നാളെ കൊടി ഉയരും..

സിപിഐ 24 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിന് തലശ്ശേരിയിൽ നാളെ പതാക ഉയരും. സെപ്റ്റംബർ 2 വരെയാണ് സമ്മേളനം നടക്കുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് പിണറായി പാറപ്രത്ത് നിന്ന് പതാക ജാഥയും തലശ്ശേരി ജവഹർഘട്ടിൽ നിന്ന് കൊടിമരജാഥയും പുറപ്പെട്ട് സമ്മേളന നഗരിയില്‍ വൈകീട്ട് എത്തിച്ചേരും. തുടര്‍ന്ന് തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ ഒരുക്കിയ എ ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം സി പി ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 1 , 2 തീയതികളിലാണ് പ്രതിനിധി സമ്മേളനം. സെപ്തംബർ ഒന്നിന് രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രണ്ടിന് പ്രതിനിധി സമ്മേളനം തുടരും.

തലശ്ശേരിയിൽ നടക്കുന്ന cpi ജില്ലാ സമ്മേളനത്തിൽ മറ്റു ജില്ലകളിലെ പോലെ തന്നെ കാനത്തെയും സർക്കാരിനെയും അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ ഉണ്ടാവാനാണ് സാധ്യത. കാനം പക്ഷവും ഇസ്മായിൽ പക്ഷവും തമ്മിലുള്ള ചേരി തിരിവ് മറ്റിടങ്ങളിൽ രൂക്ഷമാണെങ്കിലും കണ്ണൂര്‍ ജില്ലയിൽ അത്തരത്തിലുള്ള അഭിപ്രായ വ്യത്യാസം വലിയ തോതില്‍ ഇല്ലെന്നാണ് സൂചന. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരു സീറ്റ് പോലും ലഭിക്കാത്തതിലുള്ള അതൃപ്‌തി സിപിഐ ക്കുളിൽ ഉണ്ട്. സാധാരണ മത്സരിക്കാറുള്ള ഇരിക്കൂർ മണ്ഡലം കൈമാറിയത് അടക്കമുള്ള കാര്യങ്ങൾ സമ്മേളനത്തില്‍ ചർച്ചയായേക്കും. നിലവിലെ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ രാജ്യ സഭാ എം പി ആയതിനാൽ പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കും. എ ഐ ടി യു സി നേതാവ് സി പി സന്തോഷ് കുമാറും , സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജനും പരിഗണനയിലുണ്ട്. സി പി എം വിട്ട് സി പി ഐ യിൽ എത്തിയ കോമത്ത് മുരളി അടക്കം 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ സമ്മേളനത്തിന് ശേഷം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും സിപിഎം വിട്ട പ്രവർത്തകർ സി പി ഐ യിൽ എത്തിയെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.