ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് ലേലത്തില്‍ വിറ്റു : 750,000 ഡോളറിനാണ് കാര്‍ ലേലത്തില്‍ വിറ്റത്

ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടര്‍ബോ ലേലത്തില്‍ വിറ്റു. 750,000 ഡോളറിനാണ് കാര്‍ ലേലത്തില്‍ വിറ്റത്. ജൊനാതന്‍ ഹമ്പര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലേലത്തിലൂടെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ബ്രിട്ടീഷുകാരനാണ് ലോകത്തെല്ലായിടത്തും ആരാധകരുള്ള ഡയാന രാജകുമാരിയുടെ കാര്‍ സ്വന്തമാക്കിയത്.
1980 കളില്‍് ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കാറാണിത്. വിവാഹത്തിന് ഒരു മാസത്തിന് മുന്‍പ് ചാള്‍സ് രാജകുമാരന്‍ ഡയാനയ്ക്ക് സമ്മാനിച്ചതാണ് സില്‍വര്‍ നിറത്തിലുള്ള ഫോര്‍ഡ് എസ്‌കോര്‍ട്ട് സെഡാന്‍. പിന്നീട് തന്റെ കാറിന് നല്ലൊരു മേക്ക് ഓവര്‍ നല്‍കാന്‍ ഡയാന രാജകുമാരി ഫോര്‍ഡ് കമ്പനിയെ സമീപിച്ചു. കാറിന്റെ ചുവപ്പ് നിറത്തിലുള്ള കണ്‍വേര്‍ട്ടബിള്‍ പതിപ്പ് ഫോര്‍ഡ് കമ്പനി രാജകുമാരിക്കായി നിര്‍മിച്ചുനല്‍കി. എന്നാല്‍ കടുംചുവപ്പ് നിറത്തിലുള്ള കാര്‍ രാജകുമാരിയുടെ സുരക്ഷയ്ക്ക് നല്ലതല്ലെന്ന വിദഗ്ധ ഉപദേശം വന്നതോടെയാണ് കാര്‍ പിന്നെയും രൂപമാറ്റം വരുത്തിയതും നിറം മാറ്റിയതും.
കൗതുകത്തിന്റെ പേരില്‍ നിരവധി ആഡംബര കാറുകള്‍ സ്വന്തമാക്കാന്‍ ഡയാന രാജകുമാരി താത്പര്യം കാണിച്ചിരുന്നെങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ രാജകുമാരിക്ക് ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടര്‍ബോ തന്നെയായിരുന്നു എന്നും ഇഷ്ടം. സ്വന്തമായി ഡ്രൈവ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഡയാന രാജകുമാരിക്കൊപ്പം മിക്ക സമയങ്ങളിലും ബോഡി ഗാര്‍ഡുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. 24,961 മൈലുകള്‍ മാത്രം ഉപയോഗിച്ചിട്ടുള്ള ഈ കാര്‍ ഇപ്പോഴും മികച്ച കണ്ടീഷനില്‍ തന്നെയാണുള്ളത്.