ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു ലളിത്; സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അഭിഭാഷകരുടെ ഇടയില്‍നിന്ന് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ശേഷം ചീഫ് ജസ്റ്റിസായി ഉയര്‍ത്തപ്പെടുന്ന രണ്ടാമത്തെയാളാണ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്. രാജ്യത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായിരിക്കെ 2014 ആഗസ്റ്റിലാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് പദവിയില്‍ 74 ദിവസം സേവനകാലാവധിയുണ്ട്. നവംബര്‍ എട്ടിന് വിരമിക്കും.
ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി രമണ വിരമിച്ചതോടെയാണ് ജസ്റ്റിസ് യു.യു ലളിത് അധികാരമേറ്റത്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന 74 ദിവസങ്ങളില്‍ താന്‍ പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്ന മൂന്ന് മേഖലകള്‍ ജസ്റ്റിസ് യു.യു ലളിത് ഉയര്‍ത്തിക്കാട്ടിയിരുന്നു. സുപ്രിംകോടതിയില്‍ വര്‍ഷം മുഴുവനും കുറഞ്ഞത് ഒരു ഭരണഘടനാ ബെഞ്ചെങ്കിലും പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാക്കും. സുപ്രിം കോടതിയില്‍ കേള്‍ക്കാനുള്ള കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതും അടിയന്തിര കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതുമാണ് അടുത്ത രണ്ട് കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് എന്‍.വി രമണക്ക് യാത്രയയപ്പ് നല്‍കാന്‍ സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ലളിത് ഇക്കാര്യം പറഞ്ഞത്. ഭരണഘടനാ ബെഞ്ചുകള്‍ക്ക് മുമ്പാകെയുള്ള കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതും മൂന്നംഗ ബെഞ്ചുകളിലേക്ക് പ്രത്യേകമായി റഫര്‍ ചെയ്യുന്ന വിഷയങ്ങളുമാണ് താന്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് മേഖലകളെന്നും ജസ്റ്റിസ് ലളിത് പറഞ്ഞു.