കണ്ണൂര്‍ ചാല ടാങ്കര്‍ ലോറി ദുരന്തത്തിന് ഇന്നത്തേക്ക് പത്ത് വയസ്സ്. 2012 ഓഗസ്റ്റ് 27 ന് രാത്രി 11 മണിയോടെയായിരുന്നു കണ്ണൂരിന് മറക്കാനാവാത്ത ദുരന്തം. ചാല വഴി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ചാലയിലെ റോഡിലുള്ള ഡിവൈഡറില്‍ തട്ടി മറിഞ്ഞ്, പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ 20 പേര്‍ മരിക്കുകയും 50 ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. അന്നൊരു തിരുവോണത്തലേന്നായതിനാല്‍ ടാങ്കര്‍ ലോറിയുടെ രക്ഷയ്ക്ക് പെട്ടെന്ന് ആരും തന്നെ എത്തിയിരുന്നില്ല. ഡ്രൈവറെ ക്യാബിനില്‍ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാല്‍വ് വഴി ഗ്യാസ് ലീക്കായി തുടങ്ങിയിരുന്നു. അപകടം മനസ്സിലാക്കിയ ഡ്രൈവര്‍ നിര്‍ദ്ദേശം നല്‍കുകയും, തുടര്‍ന്ന് വൈദ്യുതി ബന്ധം വിഛേദിക്കുകയും, പോലീസും, ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടയിലാണ് പെട്ടെന്ന് ടാങ്കര്‍ ലോറിക്ക് തീ പിടിക്കുന്നതും തുടര്‍ന്ന് അതൊരു അഗ്നി ഗോളമായി മാറിയതും. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ടാങ്കര്‍ ലോറിയുടെ പാര്‍ട്ട്‌സുകള്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ തെറിച്ചു വീഴുകയും, ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങിയ പലരേയും അഗ്നി വിഴുങ്ങുകയും ചെയ്തു. ദുരന്തത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 20 പേര്‍ മരണപ്പെട്ടു. അഞ്ചു വീടുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. 60 ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റു.