എൽ ഡി എഫ് കണ്‍വീനർ ഇ.പി.ജയരാജൻ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പരാതിക്കാരായ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ നവീൻകുമാറിന്റെ മൊഴി ഇന്നെടുക്കും. കൊല്ലം പൊലീസ് ക്ലബ്ബിൽ വച്ചാണ് മൊഴി രേഖപ്പെടുത്തുക. കഴിഞ്ഞ ദിവസം മറ്റൊരു പരാതിക്കാരനായ ഫർസിൻ മജീദിന്റെ മൊഴിയെടുത്തിരുന്നു. ഇ പി ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പി എ സുനീഷ് എന്നിവരും കേസിൽ പ്രതികളാണ്. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളാണ് ഫർസീൻ മജീദും നവീൻ കുമാറും. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് രണ്ടുപേർക്കും വിലക്കുള്ളതിനാലാണ് കൊല്ലത്ത് വച്ച് മൊഴി എടുക്കുന്നത്.
ജീവന് ഭീഷണിയുണ്ടെന്നും യാത്രയ്ക്ക് പോലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഫർസീൻ കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു. ഇപി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്.