ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണെന്നും ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുകയാണെന്നും ജനയുഗം എഡിറ്റോറിയലില്‍ പറയുന്നു.
വിസിമാരുടെ യോഗ്യതയെ കുറിച്ചും കഴിവുകേടുകളെ കുറിച്ചും പരസ്യപ്രതികരണം നടത്തുന്ന ഗവര്‍ണര്‍ തന്റെ സ്ഥാനത്തിന് യോജിച്ച നിലയിലല്ല പെരുമാറുന്നതെന്ന് പറയേണ്ടിവരുന്നതില്‍ വീണ്ടും വീണ്ടും ഖേദമുണ്ട്. 2019 ഡിസംബറില്‍ കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വിലകുറഞ്ഞ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കേ ചരിത്രകോണ്‍ഗ്രസിന്റെ വേദിയില്‍ അതിനെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരായ സ്വാഭാവിക പ്രതിഷേധമായിരുന്നു അന്ന് അദ്ദേഹം നേരിട്ടത്. എന്നാല്‍ ഇപ്പോള്‍ അത് വിസിയുടെ ഒത്താശയോടെ നടന്നതാണെന്ന ആരോപണം ഉന്നയിക്കുകയാണ് അദ്ദേഹം.
ഗവര്‍ണര്‍ നിഴല്‍യുദ്ധം നടത്തുകയാണെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീര്‍ത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു. ജനാധിപത്യ ഭരണഘടനാ വിരുദ്ധമാണ് ഗവര്‍ണറുടെ നടപടികളെന്നും താന്‍പ്രമാണിത്തമാണെന്നും സിപിഐ ആരോപിക്കുന്നു. ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നുവെന്നും മുഖപ്രസംഗം പറയുന്നു.