ബുര്‍ജ് ഖലീഫക്ക് ചുറ്റും ‘ആകാശ വളയം’ വരുന്നു

ദുബൈ നഗരത്തിലെ ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ വിസ്മയ ആകാശവളയം വരുന്നു. ബുര്‍ജ് ഖലീഫക്ക് ചുറ്റുമായി മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് വളയം രൂപകല്‍പന ചെയ്യുന്നത്. എന്നാല്‍ നിര്‍മാണം എന്ന് മുതല്‍ ആരംഭിക്കുമെന്നോ, പദ്ധതിക്ക് എത്ര ചെലവ് വരുമെന്നോ വ്യക്തമല്ല. ദുബൈയിലെ ആര്‍ക്കിടെക്ചര്‍ സ്ഥാപനമായ സെനേറ സ്‌പേസ് ആണ് നഗരത്തിന് മുകളില്‍ ആകാശവളയം എന്ന ആശയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരത്തിന് മുകളില്‍ 500 മീറ്റര്‍ ഉയര്‍ത്തില്‍ ഡൗണ്‍ടൗണ്‍ സര്‍ക്കിള്‍ എന്ന പേരിലാണ് ഇതിന്റെ രൂപകല്‍പ്പന.
ദുബൈ നഗരത്തിലെ നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്ത നജ്മുസ് ചൗധരി, നീല്‍സ് റെമെസ് എന്നിവരാണ് ഈ വളയത്തിന്റെ ആശയത്തിന് പിന്നില്‍. അഞ്ച് തൂണുകളിലാണ് ബുര്‍ജ് ഖലീഫക്ക് ചുറ്റും വളയം നിര്‍മിക്കുക. ഇതിനകത്ത് കൂടി സഞ്ചരിക്കാന്‍ തൂങ്ങി കിടക്കുന്ന പോഡുകളുണ്ടാകും. ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വിവിധ കാലാവസ്ഥകളും, പ്രകൃതി സൗന്ദര്യവും ആസ്വദിക്കാന്‍ കഴിയുന്ന വിധം സ്‌കൈപാര്‍ക്കും രൂപകല്‍പന ചെയ്തിട്ടുണ്ട്. എന്നാല്‍, എന്ന് നിര്‍മാണം ആരംഭിക്കുമെന്നോ രൂപകല്‍പന നടത്തിയവര്‍ വ്യക്തമാക്കിയിട്ടില്ല.