നടിയെ അക്രമിച്ച കേസ്, അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ അനുമതി നിഷേധിച്ചുവെന്നും വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം. എന്നാല്‍ വിചാരണക്കോടതി ജഡ്ജിയ്‌ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നാണ് കോടതി ചോദിച്ചത്.
അതിനിടെ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ദിലീപിന് 2017ല്‍ ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം.
നടിയെ ആക്രമിച്ച കേസില്‍ ജയില്‍ വാസത്തിന് ശേഷം സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയില്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സാക്ഷികളായ വിപിന്‍ലാല്‍, ദാസന്‍, സാഗര്‍ വിന്‍സെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിന്‍സണ്‍ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം.