കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നിയമന വിവാദത്തില്‍ പ്രതികരണവുമായി പ്രിയ വര്‍ഗ്ഗീസ്

കണ്ണൂര്‍ സര്‍വകലാശാലാ നിയമനവിവാദത്തില്‍ പ്രതികരണവുമായി പ്രിയ വര്‍ഗീസ്. നിയമനത്തില്‍ മാനദണ്ഡമായി പറയുന്ന റിസര്‍ച്ച് സ്‌കോറായി കാണിക്കുന്നത് കംപ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ അടയാളപ്പെടുത്തിയ അക്കങ്ങളാണെന്നും ഇത് സര്‍വകലാശാല നേരിട്ട് പരിശോധിച്ചിട്ടില്ലെന്നും പ്രിയ വിശദീകരിച്ചു. തന്റെ 156 പോയിന്റും ജോസഫ് സ്‌കറിയയുടെ 651ഉം സ്വന്തം അവകാശവാദം മാത്രമാണെന്നും അവര്‍ പറഞ്ഞു. സ്‌കോറുകള്‍ സര്‍വകലാശാല പരിശോധിച്ചതല്ല, എല്ലാ ലേഖനങ്ങളും പരിശോധിച്ചില്ല, സ്ത്രീ ശബ്ദത്തില്‍ ഉള്‍പ്പെടെ എഴുതിയതിന്റെ വിശദാശം നല്‍കിയില്ല, സോഷ്യല്‍ ഓഡിറ്റിനെ ഭയന്ന് ജീവിക്കുന്ന ആളാണ് താനെന്നും പ്രിയ വര്‍ഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോറുള്ളത് പ്രിയയ്ക്കാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടാണ് ഫേസ്ബുക്കില്‍ പ്രിയയുടെ വിശദീകരണം. റിസര്‍ച്ച് സ്‌കോര്‍ ചുരുക്കപ്പട്ടിക തയാറാക്കാന്‍ മാത്രമേ ഉപയോഗിക്കാവുള്ളൂ എന്ന് യു.ജി.സി ചട്ടമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അഭിമുഖം ഓണ്‍ലൈനായിരുന്നു. അത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അതുകൂടി വിവരാവകാശ പ്രകാരം മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യണമെന്നും ആത്മവിശ്വാസക്കുറവില്ലാത്തതിനാല്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രിയ വ്യക്തമാക്കി.