സേറ്റാനിക് വേഴ്സസ് : സല്‍മാന്‍ റുഷ്ദിയുടെ ജീവനു വരെ ഭീഷണിയായ പുസ്തകം

ഇറാന്‍ സുപ്രിം നേതാവ് അയത്തുള്ള ഖൊമെയ്നി റഷ്ദിക്കെതിരായി ഫത്വ ഇറക്കിയതോടെയാണ് റഷ്ദിയുടെ ജീവന് ഭീഷണി വന്നത്. സേറ്റാനിക് വേഴ്സസ് എന്ന പുസ്തകം പുറത്തിറങ്ങി തൊട്ടടുത്ത വര്‍ഷം മുതല്‍ അണിയറയില്‍ പ്രവര്‍ത്തിച്ച സല്‍മാന്‍ റുഷ്ദിക്കെതിരെ അക്രമണ പരമ്പരകള്‍ അരങ്ങേറുകയാണ്. 1993 ലെ അവസാന ആക്രമണത്തിന് ശേഷം 29 വര്‍ഷങ്ങളോളം പിന്നീട് പുസ്തകവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും നടന്നിരുന്നില്ല. എന്നാല്‍ ഇന്നലെ സേറ്റാനിക് വേഴ്സസിന്റെ രചയിതാവ് സല്‍മാന്‍ റുഷ്ദിക്ക് നേരെ ഇന്നെ നടന്ന അക്രമത്തോടെ വീണ്ടും പുസ്തകത്തെ കുറിച്ച് ലോകം ചര്‍ച്ച ചെയ്യുകയാണ്.
സേറ്റാനിക് വേഴ്സസ്.
മാജിക് റിയലിസം ടെക്നിക്കില്‍ രചിച്ച സേറ്റാനിക് വേഴ്സസില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികളുടെ കഥയാണ് പറയുന്നത്. ഗബ്രിയേല്‍ ഫരിഷ്തയും സലാദിന്‍ ചംചയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്കുള്ള ഇരുവരും സഞ്ചരിച്ചിരുന്ന വിമാനം ഹൈജാക്ക് ചെയ്പ്പെടുകയും ഇംഗ്ലണ്ടിന് മീതെ വിമാനം തകര്‍ന്ന് വീഴുകയുമാണ്. ഇരുവരും അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇതിന് ശേഷം ഇരുവര്‍ക്കമുണ്ടായ മാറ്റവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിലൂടെയുമാണ് നോവല്‍ പുരോഗമിക്കുന്നത്. അതിനിടെ ഫരിഷ്തയ്ക്കുണ്ടാക്കുന്ന ചില ഹാഫ്-മാജിക്ക് സ്വപ്നങ്ങളും, ദര്‍ശനങ്ങളിലും മുഹമ്മദ് നബിയെ കുറിച്ച് പറയുന്നുണ്ട്. ഈ ഭാഗം കടുത്ത മതനിന്ദയാണെന്നും പ്രവാചക നിന്ദയാണെന്നും പറഞ്ഞാണ് പുസ്തകം വിവാദത്തിലായത്.തുടര്‍ന്നാണ് 1989 ല്‍ ഇറാന്റെ റുഹൊല്ലാഹ് ഖൊമെയ്നി സേറ്റാനിക് വേഴ്സസിന്റെ രചയിതാവിനെ കൊല്ലണമെന്ന് ഫത്വ ഇറക്കിയത്. പുസ്തകം നബിക്കും ഖുറാനുമെതിരാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. ഖൊമെയ്നിയുടെ പിന്‍ഗാമി അലി ഖമിനെയ്നി പുസ്തകത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരുടെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അക്രമ പരമ്പരകള്‍ അരങ്ങേറിയത്.
1988 ലാണ് സേറ്റാനിക് വേഴ്സസ് പുറത്തിറങ്ങിയത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1988 ഒക്ടോബറില്‍ ‘സേറ്റാനിക് വേഴ്‌സസ്’ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു. അന്ന് ഇന്ത്യയ്ക്ക് പുറമേ 19 രാജ്യങ്ങള്‍ കൂടി സേറ്റാനിക് വേഴ്‌സസ് നിരോധിച്ചിരുന്നു. ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡില്‍ പുസ്തകത്തിന്റെ പകര്‍പ്പുകള്‍ കത്തിക്കുകയും ചെയ്തു.