വിവാദ നിയമനം : പ്രിയ വര്‍ഗീസിനെതിരെ നിര്‍ണ്ണായക രേഖ പുറത്ത്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകാലശാലയിലെ വിവാദ നിയമനത്തിലെ നിര്‍ണ്ണായക രേഖ പുറത്ത്. അധ്യാപന പരിചയവും റിസര്‍ച്ച് സ്‌കോറും കുറവായിരുന്നിട്ടും അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയതാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടിയത്. ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അടക്കമുള്ള റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വര്‍ഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തില്‍ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്. അഭിമുഖത്തിന്റെ വിവരാവകാശ രേഖ സഹിതം വിസിക്കെതിരെ നടപടിയാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണ്ണര്‍ക്ക് പുതിയ പരാതി നല്‍കി.
അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോള്‍ 651 ആണ്. അഭിമുഖത്തിലെ മാര്‍ക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസര്‍ച്ച് സ്‌കോള്‍ 645. ഇന്റര്‍വ്യുവില്‍ കിട്ടിയത് 28 മാര്‍ക്ക്. മാത്രമല്ല ജോസഫ് സ്‌ക്‌റിയക്ക് 15 വര്‍ഷത്തിലേറെ അധ്യാപന പരിചയമുണ്ട്. പ്രിയ വര്‍ഗ്ഗീസിന് യുജിസി നിഷ്‌കര്‍ഷിക്കുന്ന 8 വര്‍ഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവണ്ണര്‍ക്ക് മുന്നിലുണ്ട്.
പ്രിയയുടെ മൂന്ന് വര്‍ഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്റ്‌സ് ഡയറക്ടറായുള്ള രണ്ട് വര്‍ഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂര്‍ സര്‍വകലാശാല നല്‍കിയ വിവരാവകാശ രേഖ പറയുന്നു. പ്രിയക്ക് ഒന്നാം റാങ്ക് നല്‍കാന്‍ വി സിയും സെലക്ഷന്‍ കമ്മിറ്റിയുമടക്കം ശ്രമിച്ചതിന്റെ കൃത്യമായ തെളിവാണിതെന്ന് കാണിച്ചാണ് സേവ് യൂണിവേഴിസ്റ്റി ക്യാമ്പയിന്‍ കമ്മിറ്റി വീണ്ടും ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്. മലയാളം അസോസിയേറ്റ് പ്രൊഫസര്‍ പരീക്ഷയില്‍ പ്രിയക്ക് സിണ്ടിക്കേറ്റ് ഒന്നാം റാങ്ക് നല്‍കിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുവരെ നിയമന ഉത്തരവ് ഇറക്കിയിട്ടില്ല നിലവില്‍ തിരുവനന്തപുരത്ത് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായ പ്രിയയുടെ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ ദിവസം ഒരു വര്‍ഷം കൂടി നീട്ടിയിരുന്നു. നിയമനത്തിനെതിരെ നേരത്തെ ഉള്ള പരാതിയില്‍ വിസിയുടെ വിശദീകരണത്തില്‍ ഗവര്‍ണ്ണര്‍ കടുത്ത നടപടി എടുക്കുമെന്ന സൂചനക്കിടെയാണ് പുതിയ രേഖ പുറത്ത് വന്നത.്