ഭര്‍ത്താവിനെ പറ്റിച്ചു തട്ടിയെടുത്ത പണം പത്തുവര്‍ഷത്തിനു ശേഷം തിരിച്ചു നല്‍കി, സത്യസന്ധനായി കള്ളന്‍

കഴിഞ്ഞ ദിവസം വയനാട് പെരിക്കല്ലൂര്‍ പട്ടാണിക്കൂപ്പ് സ്വദേശിയായ വീട്ടമ്മയ്ക്ക് ഒരു കത്ത് വന്നു. കത്തിന്റെ പുറത്ത് അയച്ച ആളുടെ പേര് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് ഒരു സംശയം. ക്രിസ്മസിന് മക്കള്‍ അയക്കുന്ന കാര്‍ഡുകള്‍ അല്ലാതെ മറ്റൊന്നും അവര്‍ക്കു തപാല്‍ വഴി വരാറില്ലായിരുന്നു.
എന്തായാലും രണ്ടും കല്‍പ്പിച്ച് കവര്‍ തുറന്നപ്പോഴാണ് വീട്ടമ്മ ശരിക്കും ഞെട്ടിയത്. കവറില്‍ 2,000 രൂപ, ഒപ്പം ഒരു കത്തും. ‘പ്രിയ ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ചേട്ടനെ പറ്റിച്ച് ഞാന്‍ 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം” എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പത്തുവര്‍ഷം മുമ്പ് മരിച്ചുപോയ തന്റെ ഭര്‍ത്താവിനെ പറ്റിച്ചതില്‍ പശ്ചാത്തപിക്കുന്ന ‘നല്ല കള്ളനോ’ട് പൊറുത്തു എന്ന് നേരിട്ട് പറയാന്‍ സാധിക്കാത്ത വിഷമവും തനിക്ക് ഉണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വീട്ടമ്മ പറയുന്നു. കത്തിനടിയില്‍ പേരില്ലെങ്കിലും ഒപ്പുണ്ട്. ഇതാരാണ് അയച്ചത് എന്ന് വീട്ടമ്മയ്ക്ക് ഒരു ഊഹം പോലുമില്ല. എന്തായാലും കള്ളന്റെ നല്ല മനസ് മറ്റു കള്ളന്മാര്‍ക്കും ഉണ്ടാകട്ടെയെന്ന പ്രാര്‍ഥനയിലാണിപ്പോള്‍ വീട്ടമ്മ.