ജീവനറ്റ ചിലന്തികളെ റോബോട്ടുകളാക്കി മാറ്റി ശാസ്ത്രജ്ഞര്‍

ജീവനറ്റ ചിലന്തികളെ റോബോട്ടുകളാക്കി മാറ്റി ശാസ്ത്രജ്ഞര്‍. ഹോളിവുഡ് ഹൊറര്‍ ചിത്രത്തിന്റെ കഥപോലെ തോന്നാമെങ്കിലും, റൈസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ജീവന്‍പോയ ചിലന്തികളെ വസ്തുക്കള്‍ എടുക്കാനും താഴെയിടാനുമുള്ള യന്ത്രങ്ങളായി ഉപയോഗിക്കാം എന്ന് കണ്ടെത്തിയിരിക്കുന്നത്. അഡ്വാന്‍സ്ഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍, ബയോട്ടിക് വസ്തുക്കളുടെ റോബോട്ടിക് ഘടകങ്ങള്‍ ആയുള്ള ഉപയോഗത്തെ ”നെക്രോബോട്ടിക്‌സ്” എന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വളരെ ചെറിയ വസ്തുക്കളില്‍ പോലും ബയോഡീഗ്രേഡബിള്‍ ഗ്രിപ്പറുകള്‍ നിര്‍മ്മിക്കാന്‍ ഈ ഗവേഷണ സാധ്യത ഉപയോഗിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.
”ചിലന്തിയെ ദിവസേന കാണുന്നതൊന്നും ഒരുപക്ഷെ പലര്‍ക്കും ഇഷ്ടപെടുന്ന കാര്യമല്ല. എന്നാല്‍ ഒരു എഞ്ചിനീയറിംഗ് വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ചിലന്തിയുടെ ചലനരീതി ഏറെ കൗതുകവും രസകരവുമായ കാര്യമാണ്.” എന്ന് റൈസിലെ മെക്കാനിക്കല്‍ എഞ്ചിനീയറും പേപ്പറിന്റെ പ്രധാന രചയിതാവുമായ ഫെയ് യാപ്പ് പറയുന്നു. ജീവികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയില്‍ നിന്ന് കൂടുതല്‍ പഠിക്കാനും ഈ വീക്ഷണകോണിലൂടെ നമുക്ക് സാധിക്കും എന്ന് ഡെയ്ലി ബീസ്റ്റില്‍ നിന്നുള്ള ടോണി ഹോ ട്രാനും പറയുന്നു.

2019-ല്‍ അവരുടെ ലാബില്‍ ചത്ത ചിലന്തി ചുരുണ്ടുകിടക്കുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതാണ് ഇങ്ങനെയൊരു ഗവേഷണത്തിലേക്ക് ഇവരെ കൊണ്ട് ചെന്നെത്തിച്ചത്. ആ അന്വേഷണം അവരെ കൊണ്ടെത്തിച്ചത് അവയവങ്ങളെ നിയന്ത്രിക്കുന്ന ഒരു ഹൈഡ്രോളിക് പ്രഷര്‍ സിസ്റ്റം ചിലന്തികളില്‍ ഉണ്ടെന്നാണ്. ജീവനില്ലാത്ത ചിലന്തിയില്‍ ഗ്രിപ്പ് സൃഷ്ടിക്കാന്‍, ഗവേഷകര്‍ ചിലന്തികളുടെ ഹൈഡ്രോളിക് ചേമ്പറിലെ ആന്തരിക വാല്‍വുകളില്‍ ഒരു സൂചി കുത്തി, സൂപ്പര്‍ഗ്ലൂ ഉപയോഗിച്ച് മറ്റേ അറ്റത്ത് ഒരു സിറിഞ്ച് ഘടിപ്പിക്കുകയും ചെയ്തു. സിറിഞ്ചിലൂടെ ചെറിയ അളവില്‍ വായു കയറ്റിക്കൊണ്ട്, ചിലന്തിയുടെ കാലുകള്‍ ചലിപ്പിക്കാനും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു.