പോസിറ്റീവ് പ്രതികരണങ്ങളുമായി ‘ന്നാ താന്‍ കേസ് കൊട്’

തിയറ്ററിനെ ഇളക്കിമറിച്ച് കുഞ്ഞാക്കോ ബോബന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’. ആദ്യ ഷോയ്ക്കു പിറകെ മികച്ച പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. ‘ദേവദൂതര്‍ പാടി… സ്നേഹദൂതര്‍ പാടി’ എന്ന ഗാനരംഗത്തിലെ കുഞ്ചാക്കോയുടെ വൈറല്‍ ഡാന്‍സിലൂടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം റിലീസ് ദിവസത്തെ സൈബര്‍ ആക്രമണത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. കാസര്‍കോടിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം പയ്യന്നൂരുകാരനായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലും മുന്‍നിരയിലും ഭാഗമായ കൂടുതല്‍ പേരും കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരനാണ്. ചീമേനി, കയ്യൂര്‍, മയ്യിച്ച, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ ഭാഗങ്ങളിലാണ് ചിത്രീകരണം നടന്നത്. കള്ളനായി ജീവിച്ച ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ മോഷണം മതിയാക്കി ജോലി ചെയ്തു ജീവിക്കുന്നതും അയാളുടെ ജീവിതത്തിലേക്ക് യാദൃച്ഛികമായി കടന്നുവരുന്ന ഒരു കളവുകേസും അതിനോടുള്ള അയാളുടെ പോരാട്ടവുമാണ് രതീഷ് പൊതുവാളിന്റെ ‘ന്ന താന്‍ കേസ് കൊട്’ എന്ന സിനിമ. രാജീവനായി കുഞ്ചാക്കോ ബോബന്‍ തകര്‍ത്തഭിനയിച്ച ചിത്രം കൂടിയാണിത്.
അസ്സല്‍ പടമെന്നാണ് ഗാനരചയിതാവ് ബി.കെ ഹരിനാരായണന്റെ പ്രതികരണം. ഉഗ്രന്‍ പടമാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു സംവിധായകനും തിരക്കഥാകൃത്തുമായ ഹര്‍ഷദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറച്ചുനാള്‍ മാറി നടന്നിരുന്ന കുടുംബപ്രേക്ഷകരെ ,സിനിമാ ആസ്വാദകരെ ആകെ തിരിച്ചുകൊണ്ടുവരാന്‍ പോകുന്ന സിനിമയെന്നാണ് സംവിധായകന്‍ അനുരാജ് മനോഹര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. കലക്കന്‍ പടമെന്ന് യുവ കഥാകൃത്ത് അബിന്‍ ജോസഫ്.