ചാറ്റ് ചെയ്യുന്നത് മേയര്‍ തന്നെയാണോ എന്ന് സംശയം, സെല്‍ഫി അയച്ചു നല്‍കി മേയര്‍

വാട്ട്‌സ് ആപ്പില്‍ പരാതി നല്‍കിയയാളിന് അപ്പോള്‍ തന്നെ മറുപടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍. എന്നാല്‍ തന്നോട് ചാറ്റ് ചെയ്യുന്നത് മേയര്‍ തന്നെയാണോ എന്ന് പരാതിക്കാരന്റെ സംശയം തീര്‍ക്കാന്‍ സെല്‍ഫി അയച്ചു നല്‍കി മേയര്‍. ഇത് മേയര്‍ തന്നെയാണോ സംസാരിക്കുന്നതെന്ന പരാതിക്കാരന്റെ ചോദ്യത്തിനായിരുന്നു മേയറുടെ സെല്‍ഫി അയച്ചുള്ള മറുപടി. മേയര്‍ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കിയെങ്കിലും പരാതിക്കാരന് അത്ര വിശ്വാസം വന്നില്ല. മേയറുടെ സ്റ്റാഫാവാം ചാറ്റ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ജനങ്ങളിലേക്ക് ഇറങ്ങുകയെന്നാല്‍ ഇതാണെന്നും പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതില്‍ നന്ദിയുണ്ടെന്നും പറഞ്ഞാണ് പരാതിക്കാരന്‍ ചാറ്റ് അവസാനിപ്പിച്ചത്. പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ടെന്നും ഉടന്‍ പരിഹരിക്കാന്‍ കഴിയുന്നതില്‍ അപ്പപ്പോള്‍ ഇടപെടുന്നുണ്ടെന്നുമായിരുന്നു മേയറുടെ മറുപടി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് മേയര്‍ ഫെയ്‌സ് ബുക്കില്‍ കുറിപ്പിടുകയും ചെയ്തു.

സുഹൃത്തേ സംശയിക്കേണ്ട മേയര്‍ തന്നെയാണ് ……
നിങ്ങളുടെ പരാതികള്‍ കൃത്യമായി പരിശോധിക്കുന്നുണ്ട് ……
ഇന്ന് വൈകുന്നേരം വാട്‌സ് ആപ്പിലും ഫേസ് ബുക്കിലും പരാതി പരിശോധിക്കുന്ന സമയത്താണ് മേലാം കോട് വാര്‍ഡില്‍ നിന്ന് വാട്ട്‌സ് ആപ്പില്‍ പരാതി നല്‍കിയയാളിന് ഇങ്ങിപ്പുറം മറുപടി നല്‍കുന്നത് മേയര്‍ ആണോ എന്ന് സംശയം…. അവസാനം സെല്‍ഫി അയച്ച് കൊടുത്തപ്പോഴാണ് വിശ്വാസമായത്. സംശയിക്കേണ്ട പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ട്.

ഉടന്‍ പരിഹരിക്കാന്‍ കഴിയുന്നതില്‍ അപ്പപ്പോള്‍ ഇടപെടുന്നുണ്ട്. ഫയലാക്കി നടപടിക്രമങ്ങള്‍ പാലിച്ച് പരിഹരിക്കേണ്ടവയില്‍ ആ രീതിയിലും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഇടപെടുന്നുണ്ട്. നിങ്ങള്‍ ഒപ്പമുണ്ടായിരുന്നാല്‍ മതി നമുക്ക് ഒരുമിച്ചു മുന്നേറാം…. എന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.