ഇന്നലെ അന്തരിച്ച ആദ്യകാല കമ്യൂണിസ്റ്റ് സഹയാത്രികനും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായരുടെ സംസ്കാരം ഇന്ന്. രാവിലെ 10 മുതൽ 12 വരെ കണ്ണൂർ നാറാത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെക്കും. സി പി എമ്മിന്‍റെ പ്രമുഖ നേതാക്കൾ അന്തിമോപചാരം അർപ്പിക്കാനെത്തും. സംസ്കാരം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. ദീർഘകാലം ബർലിനിൽ പത്ര പ്രവർത്തകനായിരുന്ന കുഞ്ഞനന്തൻ നായർ സി പി എമ്മിലെ വിഭാഗീയത കാലത്ത് വി എസിനായി വാദിച്ചയാളാണ്. പൊളിച്ചെഴുത്ത് എന്ന ആത്മകഥ പ്രസിദ്ധീകരിച്ച് സി പി എമ്മിലെ ഉള്ളറക്കഥകൾ വിളിച്ചു പറഞ്ഞതോടെ പാർട്ടിയിൽ നിന്ന് പുറത്തായി. പറഞ്ഞതെല്ലാം തിരുത്തി അവസാനകാലത്ത് പാർട്ടിയിൽ തിരിച്ചെത്തി. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് നാല് വർഷമായി കിടപ്പിലായിരുന്നു. ബര്‍ലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി. പിണറായി വിജയനെയടക്കം നിരന്തരം വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ.