സ്വര്‍ണക്കടത്ത് ബന്ധം: കോഴിക്കോട് നിന്നും വീണ്ടും ഒരാളെ കൂടി കാണാതായി

ജില്ലയില്‍ ഒരു യുവാവിനെ കൂടി കാണാതായതായി പരാതി. കോഴിക്കോട് നാദാപുരം സ്വദേശിയായ അനസ് എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ചാണ് ഇയാളുടെ മാതാവ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തിന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഖത്തറില്‍ നിന്നും ജൂലൈ 20 ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ്. ഇതുവരെ വീട്ടില്‍ എത്തിയിട്ടില്ല. അനസ് നാട്ടിലെത്തിയതിന് തൊട്ടടുത്ത ദിവസം അജ്ഞാതരായ ഒരു സംഘം ആളുകള്‍ അനസിന്റെ ഭാര്യവീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ്സ് ഒരു സാധനം ഖത്തറില്‍ നിന്നു കൊണ്ടു വന്നിട്ടുണ്ടെന്നും അതു തിരികെ വേണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും അജ്ഞാതരായ പലരും അനസിനെ തേടിയെത്തി എന്നുമാണ് വീട്ടുകാര്‍ പറയുന്നത്. മലപ്പുറം സ്വദേശികളായ ചില ആളുകളാണ് എത്തിയതെന്നാണ് അനസിന്റെ മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള തിരോധാനമായിരിക്കാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. അനസ് സ്വര്‍ണവുമായി എത്തിയ ശേഷം മാറി നില്‍ക്കുകയാണോ എന്ന സംശയമാണ് പൊലീസിനുള്ളത്. അനസിന്റെ ഉമ്മയുടെ പരാതിയില്‍ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കോഴിക്കോട് ചെക്യാട്ട് യുവാവിനെ കാണാതായ സംഭവത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ചക്യാട് വാതുക്കല്‍ പറമ്പത്ത് റിജേഷിനെയാണ് ജൂണ്‍ 16 മുതല്‍ കാണാതായത്. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജൂണ്‍ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമില്ലാതായി. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ നാട്ടില്‍ പോയെന്നാണ് അറിയിച്ചത്. ഇതിനിടയില്‍ അജ്ഞാതര്‍ പല തവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു. അജ്ഞാതര്‍ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വര്‍ണ്ണത്തിന് വേണ്ടിയാണെന്നാണ് പോലിസ് കരുതുന്നത്. ഇര്‍ഷാദിന്റെ മരണ വാര്‍ത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കള്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പോലിസിന് മുന്‍പാകെ എത്തിയത്. ഒന്നരമാസത്തിലേറെയായി റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണം പരാതി നല്‍കിയില്ലെന്നാണ് ബന്ധുക്കളുടെ വിശദീകരണം.
കോഴിക്കോട് പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് കൊല്ലപ്പെട്ടെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു . ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് കണ്ടത്തിയ മൃതദേഹം ഇര്‍ഷാദിന്റേതെന്ന് ഡിഎന്‍എ പരിശോധനയിലാണ് കണ്ടെത്തിയത്. നേരത്തെ ദീപക് എന്ന മേപ്പയൂര്‍ സ്വദേശിയുടെതെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് പൊലീസ് പിന്നീട് തിരിച്ചറിയുകയായിരുന്നു. സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേത് ആണെന്ന് വ്യക്തമായതോടെ ദീപകിനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍.
ഇര്‍ഷാദ്, ദീപക്, റിജേഷ്, അജാസ് എന്നിങ്ങനെ നാല് പേരെയാണ് ജൂണ്‍, ജൂലൈ മാസങ്ങളിലായി കോഴിക്കോട് ജില്ലയില്‍ കാണാതായത്. ഇവരില്‍ ഇര്‍ഷാദ് കൊല്ലപ്പെട്ടതായി വ്യക്തമായി. മറ്റു മൂന്ന് പേര്‍ എവിടെ എന്നതില്‍ ഇതുവരെ പൊലീസിന് വ്യക്തതയില്ല.