ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദനം. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ക്യാഷ്വാലിറ്റിയ്ക്ക് മുന്നില്‍വച്ചാണ് യുവാവിന് മര്‍ദനമേറ്റത്. മലയിന്‍കീഴ് സ്വദേശിയായ റഹീസ് ഖാനാണ് ആംബുലന്‍സ് ഡ്രൈവറുടെ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്. അതേസമയം സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
മലയിന്‍കീഴ് നിന്ന് കഴക്കൂട്ടത്തെ ഭാര്യ വീട്ടിലേക്ക് പോകുകയായിരുന്നു റഹീസ് ഖാനും കുടുംബവും. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആണ് സംഭവം. കഴക്കൂട്ടത്തിന് സമീപം വച്ച് ആംബുലന്‍സ് ഡ്രൈവര്‍ റഹീസ് ഖാന്റെ പിക്ക് അപ് വാഹനത്തെ ഇടിച്ചു. ഇടിയുടെ ആഘാദത്തില്‍ വണ്ടി മറിഞ്ഞു. വണ്ടിയില്‍ റഹീസും ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉണ്ടായിരുന്നത്. വണ്ടി മറിഞ്ഞതോടെ കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ തന്നെ കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. ഇതിന് പിന്നാലെയാണ് റഹീസിനെയും സഹോദരനെയും എസ്.എ.ടി ആശുപത്രിയുടെ ക്യാഷ്വാലിറ്റിക്ക് മുന്നില്‍ വച്ച് മര്‍ദ്ദിച്ചത്. റഹീസിന്റെ ഭാര്യയെയും ആംബുലന്‍സ് ഡ്രൈവര്‍ ചീത്ത വിളിച്ചു. എന്നാല്‍ സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു. പരുക്കേറ്റ റഹീസും കുടുംബവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.