ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ്ഗ കൃഷ്ണയ്ക്ക് : പുരസ്‌കാരം ‘ഉടല്‍’ സിനിമയിലെ മികച്ച പ്രകടനത്തിന്

‘ഉടല്‍’ സിനിമയിലെ മികച്ച പ്രകടനത്തിന് നടി ദുര്‍ഗ്ഗാ കൃഷ്ണയ്ക്ക് ഭരത് മുരളി പുരസ്‌കാരം. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഭരത് മുരളി പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കെ പി കുമാരന്‍ സമ്മാനിക്കും. സംവിധായകന്‍ ആര്‍ ശരത്, മാധ്യമ പ്രവര്‍ത്തകന്‍ എം കെ സുരേഷ്, കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പല്ലിശ്ശേരി, സെക്രട്ടറി വി കെ സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിശ്ചയിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘ഉടല്‍’. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ വി സി പ്രവീണും ബൈജു ഗോപാലനുമാണ് സഹ നിര്‍മ്മാതാക്കള്‍.