മഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍

മഴ തുടരുകയാണെങ്കിലും ആശങ്ക വേണ്ടെന്ന് റവന്യൂമന്ത്രി കെ രാജന്‍. ജാഗ്രത തുടരുകയാണ്. അമിതമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മഴ കൂടിയാൽ മാത്രം ആശങ്ക. മുല്ലപ്പെരിയാറിൽ രണ്ടാമത്തെ മുന്നറിയിപ്പ് ഇതുവരെ വന്നിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. ചാലക്കുടി പുഴയിലെ ജലനിരപ്പ് 7.27 ആയി ജലനിരപ്പ് തുടരുകയാണ്. പെരിങ്ങൽക്കുത്തിൽ നിന്നുള്ള ഇൻഫ്‌ലോ 35,000 ക്യുസെക്‌സ് ആയി തുടരുകയാണ്. ആകാശം ഇപ്പോഴും മേഘാവൃതമാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. സെക്കൻഡിൽ ശരാശരി ഒൻപതിനായിരത്തി പതിനാറ് ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. വൈഗ ഡാം നിറഞ്ഞതിനാൽ ഷട്ടർ തുറന്നിട്ടിരിക്കുകയാണ്. ഇക്കാരണത്താൽ കൂടുതൽ ജലം തമിഴ്‌നാടിന് കൊണ്ടുപോകാനാകില്ലെന്നും മന്ത്രി പറഞ്ഞു.