തിലകന്‍ തിരിച്ചുവന്നിരിക്കുന്നു : ഷമ്മിതിലകന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകന്‍

തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ; പാപ്പനിലെ ഷമ്മി തിലകന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകന്‍ അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ഇല്ലെങ്കില്‍ കൂടി, സിനിമയില്‍ നിറഞ്ഞു നില്‍പ്പുണ്ട്. ഒരിടവേളക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച പാപ്പന്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഷമ്മി തിലകനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എബ്രഹാം മാത്യു മാത്തന്‍ എന്ന റിട്ടയേഡ് പൊലീസ് ഓഫീസറെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരുട്ടന്‍ ചാക്കോ എന്ന സീരിയല്‍ കില്ലറായി ഗംഭീര പ്രകടനമാണ് ഷമ്മി കാഴ്ചവച്ചിരിക്കുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് ഇരുട്ടന്‍ ചാക്കോ. ഇപ്പോള്‍ ഷമ്മിയുടെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍. ”നമുക്ക് നഷ്ടമായ തിലകന്‍ ചേട്ടന്‍ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ..” എന്നാണ് വിനോദ് കുറിച്ചത്. തിലകന്‍ ചേട്ടനോടൊപ്പം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങള്‍ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്‍പിക്കാം… മോശമാക്കില്ല…. ഭാവിയില്‍ തിലകന്‍ ചേട്ടന് മുകളില്‍ നില്‍ക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സര്‍ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോള്‍ ഷമ്മി തിലകന്റെ ഇരുട്ടന്‍ ചാക്കോയും …. എന്നും വിനോദ് ഗിരുവായൂര്‍ കുറിച്ചു.