കേരളത്തില്‍ കനത്ത മഴ : ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കേരളത്തില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതി തീവ്രമഴക്കാണ് സാധ്യതയുള്ളത്. തൃശൂര്‍ മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. മറ്റന്നാള്‍ 12 ജില്ലകളിലും റെഡ് അലര്‍ട്ടാണ്.
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ തുടങ്ങിയ ഡാമുകളില്‍ റെഡ് അലര്‍ട്ടും, മീങ്കര, മംഗലം ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ്‌നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ചു സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 140 സെ. മീ ഉയര്‍ത്തി. പെരിങ്ങള്‍ക്കുത്തു ഡാമിന്റെ ഇപ്പോള്‍ തുറന്നിരിക്കുന്ന സ്പില്‍വേ ഷട്ടറുകള്‍ക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും.
കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ കാര്‍ തോട്ടില്‍ വീണ് അച്ഛനും രണ്ടു മക്കളും മരിച്ചു. ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. മണ്ണിടിഞ്ഞും റോഡില്‍ വെള്ളം കയറിയും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കോട്ടയത്ത് ഉരുള്‍ പൊട്ടിയ ഇരിമാപ്രയില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന നിലയിലാണ്. ഈരാറ്റുപേട്ട, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളില്‍ തഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊല്ലം അഞ്ചല്‍ ഉപ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൊല്ലത്തെ തീരദേശമേഖലയില്‍ കനത്ത കാറ്റിന് സാധ്യതയെന്ന മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരത്ത് വെള്ളറട പനച്ചമൂട് നെല്ലിക്കുഴിയില്‍ 15 അടി ഉയരമുള്ള മതിലിടിഞ്ഞ് കാര്‍ തകര്‍ന്നു. കല്ലാര്‍ – പൊന്‍മുടി റോഡില്‍ മണ്ണിടിച്ചില്‍ ഗതാഗതം തടസപ്പെട്ടു. എറണാകുളം ആലുവായില്‍ കനത്ത മഴയില്‍ പല റോഡുകളിലും വെള്ളക്കെട്ടായി. മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ച് കളക്ടര്‍മാര്‍ ഉത്തരവിട്ടു. ഇന്നും നാളെയും കനത്ത മഴതുടരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം ജാഗ്രത പുലര്‍ത്തുകയാണ്. തീര മേഖലയില്‍ ശക്തമായ കാറ്റും ഉണ്ടാകും. മത്സ്യബന്ധനത്തിന് നാലു ദിവസം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനത്തിലെ ട്രക്കിങ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിര്‍ത്തി.
സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഈ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. ഇറിഗേഷന്‍, കെഎസ്ഇബി ,മോട്ടോര്‍ വെഹിക്കിള്‍ , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ , പോലീസ് , ഐ എം പി ആര്‍ ഡി , ഫിഷറീസ് വകുപ്പുകള്‍ക്ക് പുറമെ സിവില്‍ ഡിഫന്‍സ് സേനയും എമര്‍ജന്‍സി സെന്റര്‍ ഭാഗമായിരിക്കും. നിലവിലുള്ള എന്‍ഡിആര്‍എഫിനെ കൂടാതെ എറണാകുളം കോട്ടയം കൊല്ലം മലപ്പുറം ജില്ലകളിലേക്ക് പ്രത്യേക ടീമുകള്‍ നിയോഗിക്കും .ചെന്നൈയിലെ ആര്‍ക്കോണത്തുള്ളഎന്‍ഡിആര്‍എഫ് മേഖല ആസ്ഥാനത്ത് നിന്നായിരിക്കും ടീമുകളെ അയക്കുക .ജില്ലാ തല എമര്‍ജന്‍സി കേന്ദ്രങ്ങളും ജാഗ്രത പുലര്‍ത്തുന്നുണ്ട് .