ജൂണില്‍ മുടങ്ങിയ ശമ്പളം ആഗസ്റ്റ് 5 ന് മുന്‍പ് നല്‍കും : കെ എസ് ആര്‍ടിസി എംഡി

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കുക മുഖ്യ ലക്ഷ്യമെന്ന് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ (സി.എം.ഡി) ബിജു പ്രഭാകര്‍. ജൂണിലെ മുടങ്ങിയ ശമ്പളം ആഗസ്റ്റ് 5 ന് മുമ്പ് നല്‍കുമെന്നും സി.എം.ഡി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ പറഞ്ഞു. ജൂലൈ മാസത്തെ ശമ്പളം ആഗസ്റ്റ് 10 ന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പള മുടക്കം അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സി.എം.ഡി വിളിച്ച യോഗം ടിഡിഎഫ് ബഹിഷ്‌കരിച്ചു. നാളത്തെ ഇലക്ട്രിക് ബസ് ഉദ്ഘാടനവും ബഹിഷ്‌ക്കരിക്കുമെന്നും ശമ്പളം കിട്ടാതെ സഹകരിക്കില്ലെന്നും ടിഡിഎഫ് സെക്രട്ടറി രാജീവ് ആര്‍.എല്‍ പറഞ്ഞു.
സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന കാര്യം കെ.എസ്.ആര്‍.ടി.സി നേരെത്തെ വ്യക്തമാക്കിയിരുന്നു.കെ.എസ്.ആര്‍.ടി.സിയുടെ കൈവശം നീക്കിയിരിപ്പു തുകകള്‍ ഒന്നുമില്ലെന്നും എത്രയും പെട്ടന്ന് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്നുമാണ് ആവശ്യം. എന്നാല്‍, നേരത്തെ 30 കോടി നല്‍കിയതിനാല്‍ കൂടുതല്‍ തുക അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.