ഒപ്പമിരിക്കാന്‍ സഞ്ജുവിന്റെ ക്ഷണം : അനുഭവം പങ്കിട്ട് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍

മൈതാനത്തിന് അകത്തും പുറത്തും ആരാധക മനസ് കീഴടക്കിയ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ ആരാധക വൃന്ദം നമ്മേ അത്ഭുതപ്പെടുത്തുന്നതാണ്. ‘സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍’ എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഘോഷിക്കുന്നതും, മറിച്ചായാല്‍ ഇവര്‍ ആഞ്ഞടിക്കുന്നതുമെല്ലാം ഒരു സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ സഞ്ജുവിന്റെ വിനയത്തെയും നിഷ്‌കളങ്കമായ പെരുമാറ്റത്തെയുമെല്ലാം വാനോളം പുകഴ്ത്തിയിരിക്കുകയാണ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ വിമല്‍ കുമാര്‍. നിലവില്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അദ്ദേഹം വിന്‍ഡീസിലാണുള്ളത്. അവിടെ വച്ച് സഞ്ജുവുമായി സംസാരിച്ചപ്പോവുള്ള അനുഭവത്തെക്കുറിച്ചാണ് വിമല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

”ഇന്ത്യന്‍ താരങ്ങള്‍ സൂപ്പര്‍സ്റ്റാറുകള്‍ ആണെന്നും, അഹങ്കാരികളുമാണെന്ന് പൊതുവില്‍ ഒരു ധാരണയുണ്ട്. ‘ഹലോ’ പറയാന്‍ മടിക്കുന്ന താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായ ഒരാളെ ഞാന്‍ കണ്ടുമുട്ടി. ആ തരാം എന്നോട് കാണിച്ച സ്‌നേഹം എങ്ങനെ പറഞ്ഞറിയിക്കണമെന്ന് അറിയില്ല.. അവന്റെ പേര് സഞ്ജു സാംസണ്‍ എന്നാണ്. വെസ്റ്റിന്‍ഡീസ് പരമ്പര നടക്കുന്ന സ്ഥലത്തിന് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്റ്റേഡിയത്തില്‍ ഞാന്‍ നില്‍ക്കുകയായിരുന്നു. സഞ്ജുവും അവിടെയുണ്ടായിരുന്നു. പരിശീലനം കഴിഞ്ഞ് കയറുന്ന സമയം ഞാന്‍ അദ്ദേഹത്തെ കണ്ടു സംസാരിച്ചു. ആദ്യ മത്സരം നടക്കുന്ന സ്റ്റേഡിയം ഇവിടെ നിന്നും വളരെ അകലെയാണല്ലോ എന്ന് ഞാന്‍ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. ഒരുമണിക്കൂറില്‍ കൂടുതല്‍ യാത്ര ചെയ്യണമെന്നും, അവിടെ എത്താന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും അറിയിച്ചു. ‘ചേട്ടന്‍ എന്റെ കൂടെ വന്നോളൂ’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. എന്നെ പരിഹസിക്കുന്നതായാണ് ആദ്യം തോന്നിയത്. എന്നാല്‍ സഞ്ജു ആത്മാര്‍ത്ഥമായാണ് അത് പറഞ്ഞത്. ചേട്ടന് ഞങ്ങളുടെ കൂടെ വരാന്‍ കഴിയില്ലേ? വളരെ നിഷ്‌കളങ്കമായി സഞ്ജു വീണ്ടും ചോദിച്ചു. ബിസിസിഐ ചട്ട പ്രകാരം മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ വാഹനങ്ങളില്‍ കയറാന്‍ പാടില്ലെന്ന് ഞാന്‍ മറുപടി നല്‍കി..”ഞാന്‍ ഇന്ത്യയില്‍ നിന്നാണോ വരുന്നത് അതോ ഇവിടെയാണോ കഴിയുന്നതെന്ന് സഞ്ജു ചോദിച്ചു. ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പരമ്പര റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമ പ്രവര്‍ത്തകനാണ് ഞാനെന്ന് സഞ്ജുവിനോട് പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് സഞ്ജുവുമായി ഒരു ഇന്റര്‍വ്യൂ നടത്തിയിട്ടുണ്ടെന്നും എന്നെ മനസ്സിലായോ എന്നും ഞാന്‍ ചോദിച്ചു. ‘ഇല്ല ചേട്ടാ ഓര്‍മയില്ല’ വളരെ സത്യസന്ധമായി സഞ്ജു മറുപടി നല്‍കി. ചേട്ടന്‍ വരുന്നെങ്കില്‍ ഞാന്‍ എന്റെ സീറ്റില്‍ കൂടെ കൊണ്ടുപോകാം എന്ന് സഞ്ജു വീണ്ടും നിര്‍ബന്ധിച്ചു. രാഹുല്‍ ദ്രാവിഡോ, രോഹിത് ശര്‍മയോ അല്ലെങ്കില്‍ മറ്റേത് താരം ആവശ്യപ്പെട്ടാലും ജേണലിസ്റ്റുകള്‍ക്ക് ബിസിസിഐയുടെ വാഹനത്തില്‍ കയറാന്‍ പാടില്ലെന്ന് ഞാന്‍ വീണ്ടും അറിയിച്ചു. ”ചേട്ടാ നമ്മള്‍ ഇന്ത്യക്കാരാണ്. ഞാന്‍ ഇത്രയെങ്കിലും ചെയ്യണ്ടേ?” സഞ്ജു എന്നോട് പറഞ്ഞു. സഞ്ജുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവനില്‍ ഒരു ലീഡറെയാണ് ഞാന്‍ കണ്ടത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍ എന്നിവരിലുള്ള അതേ ലീഡര്‍ഷിപ്പ് ക്വാളിറ്റി സഞ്ജുവിലും ദര്‍ശിച്ചു..”സഞ്ജു എന്ന ക്രിക്കറ്റ് താരത്തെ മറന്നാലും, യഥാര്‍ത്ഥ മനുഷ്യന്‍ എന്ന രീതിയില്‍ ഓര്‍മിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. വരുന്ന സീരിയസുകളില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് കഴിയട്ടെ.. ഒപ്പം ഒരു ദിവസം ഇന്ത്യയുടെ ക്യാപ്റ്റനായി മാറട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. ഈ ഓര്‍മ എന്നും എനിക്കൊപ്പമുണ്ടാകും.” എന്നായിരുന്നു വിമല്‍ കുമാറിന്റെ വാക്കുകള്‍.